പാലക്കാട് : ഹേമകമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കാൻ തടസങ്ങളുണ്ടെന്ന് മുൻ മന്ത്രി എ.കെ. ബാലൻ. പൊതുവായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാനോ നിയമനടപടിക്കോ സാധ്യതയില്ല.
റിപ്പോർട്ടിലുള്ളത് ആരോപണങ്ങൾ മാത്രമെന്നും വ്യക്തിപരമായ പരാതികൾ സർക്കാരിന് ലഭിച്ചിട്ടില്ലെന്നും പരാതിയില്ലാതെ കേസെടുക്കാനാവില്ലെന്നും അതിന് നിയമതടസമുണ്ടെന്നും ബാലൻ പറഞ്ഞു.
മൊഴികൾ മുഴുവൻ സർക്കാരിനറിയില്ല. ആർക്കെതിരെയൊക്കെ പറഞ്ഞുവെന്നതും വ്യക്തമല്ല. ആകാശത്തുനിന്ന് കേസെടുത്ത് എഫ് ഐആർ ഇടാൻ പറ്റില്ലെന്നും ബാലൻ പറഞ്ഞു. റിപ്പോർട്ടിലെ കാര്യങ്ങൾ പരിശോധിക്കും.
റിപ്പോർട്ട് പൂഴ്ത്തിവച്ചിട്ടില്ല. ഒരു ഘട്ടത്തിൽ അന്വേഷണം വഴി മുട്ടിയിരുന്നുവെന്നും തുടക്കം മുതൽ തടസങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മൊഴികൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞാലേ കേസെടുക്കാനാകൂ. ഒളിപ്പിച്ചുവച്ച ഭാഗം പ്രസിദ്ധീകരിക്കണമെന്ന് കോടതിയോ കമ്മിറ്റിയോ പറയട്ടെയെന്നും ബാലൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു സിസി സ്ഥാപകഅംഗം തന്നെ ആവശ്യപ്പെട്ടിരുന്നതായും ബാലൻ പറഞ്ഞു.