തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടില് പ്രതികരണവുമായി നടൻ ഇന്ദ്രൻസ്. സിനിമാ മേഖലയിൽ എല്ലാക്കാലത്തും ഇങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ടെന്നും കുറച്ച് എരിവും പുളിയും ഒക്കെ വേണ്ടേയെന്ന് ഇന്ദ്രൻസ്. അതുകൊണ്ട് ഇൻഡസ്ട്രിയ്ക്കോ ആർക്കോ ദോഷമൊന്നും വരില്ലെന്നും താരം കൂട്ടിച്ചേർത്തു.
ഏത് മേഖലയിലായാലും സ്ത്രീകൾക്കെതിരെ ഉണ്ടായ ചൂഷണങ്ങൾക്കെതിരെ നടപടി ഉണ്ടാവണമെന്നും സർക്കാർ വേണ്ടത് പോലെ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പ്രതികരിച്ചു.
വാതിലിൽ മുട്ടിയ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആരെങ്കിലും മുട്ടിയോയെന്ന് തനിക്ക് അറിയില്ലെന്നും സത്യമായിട്ടും താൻ മുട്ടിയിട്ടില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു.
നേതൃസ്ഥാനത്തിരിക്കുന്നതിനാലാണ് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ ആരോപണം ഉയരുന്നതെന്നും ഇന്ദ്രന്സ് പറഞ്ഞു. പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ഒക്കെ പേരില് ഓരോരുത്തര്ക്കും എന്തും പറയാമല്ലോ.
പെട്ടെന്ന് അറിയുന്നത് അതല്ലേ? നമുക്ക് ചര്ച്ച ചെയ്യാന് എളുപ്പവും നേതൃത്വസ്ഥാനത്തിരിക്കുന്നവരെ വിരല് ചൂണ്ടുമ്പോഴല്ലേയെന്നും ഇന്ദ്രന്സ് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.
ബംഗാളി നടി ഗുരുതരമായ വെളിപ്പെടുത്തലുമായി എത്തിയല്ലോ എന്ന ചോദ്യത്തിന് മലയാളി നടിമാരെ പോലും തനിക്ക് അറിയില്ലെന്നും പിന്നെയല്ലേ ബംഗാളി നടിയെന്നും അദ്ദേഹം പറഞ്ഞു. സംസാരിച്ചില്ലെങ്കിൽ മിണ്ടാതെ പോയെന്ന് പറയും. എന്തെങ്കിലുമൊക്കെ പറയണ്ടേ എന്നതുകൊണ്ട് പ്രതികരിച്ചതാണെന്നും താരം വ്യക്തമാക്കി.