മെഴ്‌സിഡസ് ബെന്‍സിന്റെ സണ്‍റൂഫിലൂടെ മാത്രം കൈവീശി കാണിക്കും! അംഗരക്ഷകരുടെ കുടക്കീഴില്‍ സണ്‍ഗ്ലാസ് വച്ച് യാത്ര; കറ്റ കെട്ടി സഹായിക്കലും വിവാദത്തില്‍; ഹേമ മാലിനി ഡ്രാമാ ഗേളെന്ന് സോഷ്യല്‍മീഡിയ

മഥുര ലോക്സഭാ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി രണ്ടാം തവണയും ജനവിധി തേടുന്ന നടി ഹേമമാലിനിയുടെ ചൂടിനോടുള്ള അനിഷ്ടം മണ്ഡലത്തിലെ ജനങ്ങളെയും വെറുപ്പിക്കുന്നു. കഴിഞ്ഞ തവണ വിജയിച്ച് മണ്ഡലം വിട്ട ഹേമമാലിനി ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കാന്‍ വേണ്ടി മാത്രമാണ് മണ്ഡലത്തിലേക്ക് എത്തുന്നത് എന്ന് ജനങ്ങള്‍ പരിഭവം പറയുന്നതിനിടെയാണ് പ്രഹസനമായി നടിയുടെ വോട്ട് യാത്രകളും വിമര്‍ശനവിധേയമാവുന്നത്.

തുറന്ന മെഴ്സിഡസ് ബെന്‍സ് കാറില്‍ മുന്‍സീറ്റില്‍ കയറി നിന്നാണ് ഹേമമാലിനിയുടെ പ്രധാന വോട്ട് തേടല്‍. സ്ഥാനാര്‍ത്ഥി ആരാണെന്ന് പോലും മനസിലാകാത്ത തരത്തില്‍ സണ്‍ഗ്ലാസും പിന്‍സീറ്റില്‍ നില്‍ക്കുന്ന സഹായി ചൂടി കൊടുക്കുന്ന വലിയ കുടയുമൊക്കെയായി ജനങ്ങള്‍ക്ക് നേരെ കൈവീശി കാണിക്കുന്ന ഹേമ മാലിനിയുടെ പ്രവര്‍ത്തിയെ പരിഹസിക്കുകയാണ് മാധ്യമങ്ങളും ജനങ്ങളും.

ഇതിനിടെ, നടത്തിയ തെരഞ്ഞെടുപ്പ് റാലിയും ഹേമമാലിനിക്ക് പുലിവാലായി. സര്‍ക്കാര്‍ സ്‌കൂളില്‍ വെച്ച് നടത്തിയ തെരഞ്ഞെടുപ്പ് റാലി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും ചൂണ്ടിക്കാണിക്കുന്നു. മഥുര മണ്ഡലത്തിലെ ചൗമുഹാന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ വെച്ച് റാലി നടത്താന്‍ നടിക്ക് അനുമതിയുണ്ടായിരുന്നില്ല. മാത്രമല്ല സര്‍ക്കാര്‍ സ്ഥാപനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കമ്മീഷന്‍ ഹേമമാലിനിക്ക് അയച്ച കാരണം കാണിക്കല്‍ നോട്ടീസില്‍ പരാമര്‍ശിച്ചിട്ടുമുണ്ട്.

ട്രാക്ടര്‍ ഓടിച്ച് നോക്കിയും ഫോട്ടോയെടുക്കുന്നതിന്റെ ഭാഗമായി മാത്രം ഗോതമ്പ് പാടത്ത് കറ്റകെട്ടിയും നേരത്തെ നടി അപഹാസ്യയായിരുന്നു. ഫുള്‍ മേയ്ക്കപ്പിലുള്ള സ്ഥാനാര്‍ത്ഥിയുടെ ‘കറ്റ കെട്ടി സഹായിക്കല്‍’ സോഷ്യല്‍മീഡിയയില്‍ വലിയ രീതിയില്‍ ട്രോളുകള്‍ക്ക് വിധേയമായിരുന്നു. ഹേമ മാലിനിയെ ഇനി ഡ്രീം ഗേള്‍ എന്നല്ല, ഡ്രാമാ ഗേള്‍ എന്ന് വിളിച്ചാല്‍ മതിയെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

എന്നാല്‍ താനൊരു സെലിബ്രിറ്റിയാണെന്നും നടിയാണെന്നും മുംബൈയില്‍ ഇത്തരം കാര്യങ്ങള്‍ താന്‍ കാണാറില്ലെന്നുമാണു വിമര്‍ശനങ്ങളോട് അവര്‍ പ്രതികരിച്ചത്. ‘ഗ്രാമങ്ങളില്‍ പോകുമ്പോഴാണ് ഇത്തരം സാഹചര്യങ്ങള്‍ കാണുന്നത്. അതെനിക്ക് ഇഷ്ടമാണ്. ഇനി ഞാന്‍ അഭിനയിച്ചതാണെങ്കില്‍ അതും രസമുള്ളതായിരുന്നു. അതിലെന്താണ് തെറ്റ്? മുംബൈയില്‍ ഇത്തരം ചിത്രങ്ങള്‍ കാണുന്നത് എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യമാണ്. ഭര്‍ത്താവായ ധര്‍മേന്ദ്രയ്ക്കും സന്തോഷമായി. വളരെ ഭംഗിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു’ അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനു പിന്നാലെ ഗോകുല്‍ മേഖലയിലെ പ്രചാരണത്തിനെത്തിയപ്പോഴും ഹേമയെ ട്രോളുകാര്‍ പിന്തുടര്‍ന്നു. കറുത്ത മെര്‍സിഡസ് ബെന്‍സ് ജിഎല്‍ഇ എസ്യുവിയില്‍ പ്രചാരണത്തിനിറങ്ങിയ ഹേമ, തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലല്ലാതെ ആളുകള്‍ തടിച്ചുകൂടുന്നിടത്തു കാര്‍ നിര്‍ത്തി ഇറങ്ങാന്‍ മെനക്കെട്ടില്ല. നടിയെ കാണാന്‍ പലയിടങ്ങളിലുമെത്തിയ ജനക്കൂട്ടം നിരാശരാകേണ്ടി വന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍. മൊബൈലില്‍ നോക്കിയിരുന്ന അവര്‍ വാഹനത്തിന്റെ ചില്ലുകള്‍ താഴ്ത്തി ജനങ്ങളോടു സംവദിക്കാനോ കൈ കൊടുക്കാനോ മുതിര്‍ന്നില്ല.

പ്രസംഗിക്കാന്‍ നിശ്ചയിച്ച സ്ഥലത്തെത്തുമ്പോള്‍ വാഹനത്തിന്റെ സണ്‍റൂഫില്‍നിന്ന്, അംഗരക്ഷകര്‍ എസ്യുവിയുടെ സൈഡ്ബാറില്‍ ചവിട്ടിനിന്നു ചൂടിക്കുന്ന കുടയുടെ സംരക്ഷണയിലാണ് അവര്‍ സംസാരിച്ചിരുന്നത്. കണ്ണുകളില്‍ ചൂട് അടിക്കാതിരിക്കാനായി, വച്ചിരുന്ന സണ്‍ഗ്ലാസ് മാറ്റിയിരുന്നില്ല. റോഡ് ഷോകളിലും ഇതായിരുന്നു അവസ്ഥ.

Related posts