തിരുവനന്തപുരം: സിനിമാരംഗത്തേക്കു കടന്നു വരുന്പോൾ മുതൽ സ്ത്രീകൾ ചൂഷണത്തിനു വിധേയയാകുന്നതിനുള്ള സാധ്യത. ഒഡീഷൻ സമയത്തുതന്നെ ഇതിനുള്ള സൂചനകൾ നൽകും. പ്രൊഡക്ഷൻ കണ്ട്രോളർതന്നെ പുതുമുഖങ്ങൾക്ക് ഇതുസംബന്ധിച്ച സൂചനകൾ നൽകും.
‘അഡ്ജസ്റ്റ്മെന്റ് ’, ’കോംപ്രമൈസ് ’ എന്നീ വാക്കുകളാണത്രെ ഇതിനായി ഉപയോഗിക്കുന്നത്. സിനിമ മേഖലയിൽ പ്രശസ്തരായി നിൽക്കുന്ന പലരും ഇങ്ങനെയാണു സിനിമയിൽ ഉയരങ്ങളിലെത്തിയതെന്ന് ഇവരെ പറഞ്ഞു ബോധ്യപ്പെടുത്തും. ഒരിക്കൽ ഈ കുരുക്കിൽ വീണാൽ പിന്നീടു പുറത്തു കടക്കാൻ സാധിക്കില്ല.
മലയാള സിനിമയിലെ വളരെ അറിയപ്പെടുന്നവരിൽനിന്നുപോലും ലൈംഗികാതിക്രമമുണ്ടായി എന്നു പലരും മൊഴി നൽകുകയും ഓഡിയോ, വീഡിയോ ക്ലിപ്പുകൾ, വാട്സ് ആപ്പ് സന്ദേശങ്ങൾ തുടങ്ങിയ തെളിവുകൾ ഹാജരാക്കുകയും ചെയ്തു.
പീഡനവിവരം വീട്ടുകാരോടോ അടുപ്പക്കാരോടോ പോലും പറയാൻ പലപ്പോഴും നടിമാർ ഉൾപ്പെടെയുള്ളവർക്കു ഭയമാണ്.
പരാതി പറഞ്ഞാൽ അവരെ സിനിമയിൽനിന്ന് ഒറ്റപ്പെടുത്തുകയോ പുറത്താക്കുകയോ ചെയ്യും. മാത്രമല്ല, പരാതിക്കാർക്കും കുടുംബക്കാർക്കും വരെയും ജീവനു ഭീഷണി ഉണ്ടാകുകയും ചെയ്യും. പരാതിയുമായി പോലീസിനെ സമീപിക്കാത്തത് മനസിലാക്കാവുന്നതേയുള്ളു.
അവസരങ്ങൾ ലഭിക്കാൻ കിടക്ക പങ്കിടാൻ തയാറായി വരുന്നവരുണ്ടെന്നു പലരും മൊഴി നൽകി. എന്നാൽ ഭൂരിപക്ഷവും അങ്ങനെയല്ല. മറ്റൊരു തൊഴിൽ മേഖലയിലും ജോലിസ്ഥലത്തേക്ക് രക്ഷിതാക്കളെയുമായി പോകേണ്ട അവസ്ഥയില്ല.
മറ്റൊരിടത്തും ജോലി ലഭിക്കാൻ ലൈംഗികമായി വഴങ്ങിക്കൊടുക്കേണ്ട സ്ഥിതിയില്ലെന്നും കമ്മീഷനു മുന്നിലെത്തിയ പലരും ചൂണ്ടിക്കാട്ടി. കാരവൻ സുരക്ഷിതമല്ലെന്ന് സ്ത്രീകൾ തന്നെ അഭിപ്രായപ്പെട്ടു. ഒളികാമറ പോലെയുള്ള അപകടങ്ങൾ ഉണ്ടാകാം.