എടത്വ: ഹേമ കമ്മീഷൻ നല്കിയ റിപ്പോർട്ട് ഒരിക്കലും പുറത്തു വരില്ലായെന്ന് ധരിച്ചതിനാലാണ് മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞതെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം കൊടിക്കുന്നില്‍ സുരേഷ് എംപി. റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടില്ല.
കോണ്‍ഗ്രസ് കുട്ടനാട് നിയോജക മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടിവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.സിനിമയുടെ മറവില്‍ പോക്സോ അതിക്രമം അടക്കം നടത്തിയ സിനിമാ മേഖലയില്‍ ഉള്ളവരുടെ പേരുകള്‍ പുറത്തുവിടാനുളള ധൈര്യം മുഖ്യമന്ത്രി കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നാലര വര്‍ഷത്തോളം റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച പിണറായി വിജയന് ഇനിയെങ്കിലും പീഡകരെ സംരക്ഷിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റുമാരായ സി.വി. രാജീവ്, ജോര്‍ജ് മാത്യു പഞ്ഞിമരം എന്നിവര്‍ ക്യാമ്പ് എക്സിക്യൂട്ടീവിന് നേതൃത്വം നല്കി. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് ബി. ബാബു പ്രസാദ്, കെപിസിസി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍, എം. മുരളി, സുനില്‍ പി. ഉമ്മന്‍, സജി ജോസഫ്, ടിജിന് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.