തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിൽ നിയമതടസമില്ലെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ. പോക്സോ വകുപ്പ് പ്രകാരം കേസെടുക്കണം.
പോക്സോ നിയമം വരുന്നതിന് മുൻപു നടന്ന കുറ്റകൃത്യമാണെങ്കിൽ അന്നത്തെ വകുപ്പ് പ്രകാരം പോലീസിന് കേസെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പതിനെട്ട് വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികൾ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം സിനിമാരംഗത്തു നിന്നും ലൈംഗികചൂഷണമുണ്ടായതായി ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ പ്രത്യേക അന്വേഷണ സംഘം നേരിട്ട് ബന്ധപ്പെട്ടു തുടങ്ങി.
മലയാളചലച്ചിത്ര മേഖലയിൽ നിന്നുള്ള അമ്പതോളം നടിമാരാണ് ലൈംഗികാതിക്രമം നേരിട്ടതായി ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയത്. അന്വേഷണത്തിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനും തുടര്‍നടപടികള്‍ രൂപീകരിക്കുന്നതിനുമായി രണ്ട് ദിവസം കൂടുമ്പോള്‍ യോഗം ചേരാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.