ഇരിങ്ങാലക്കുട: സാഹിത്യത്തിൽ വിസ്മയം തീർത്ത മലയാളി എഴുത്തുകാരുടെ പട്ടികയിലേക്ക് ഇരിങ്ങാലക്കുടയിൽ നിന്ന് ഒരു എഴുത്തുകാരി കൂടി. ഇരിങ്ങാലക്കുടയ്ക്കടുത്ത് ഐക്കരക്കുന്നിൽ അരിയ്ക്കത്ത് മനയിൽ സജുവിന്റെ ഭാര്യ ഹേമ സാവിത്രിയാണ് യാണ് ഈ എഴുത്തുക്കാരി.
വടക്കൻ കേരളത്തിലെ ഒരു സാങ്കല്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ തെയ്യം കലാകാരന്റെ സ്വത്വപരമായ പ്രതിസന്ധികളിലൂടെ സഞ്ചരിക്കുന്ന “ദി മിസ്റ്റീരിയസ് ഡാൻസ് ഓഫ് വിന്റേജ് ഫോളീസ്’ (The Mysterious Dance of Vintage Follise) ലോകമെന്പാടുമുള്ള വായനക്കാരുടെ കൈകളിലേക്ക് എത്തിക്കഴിഞ്ഞു.
” ഇന്ത്യൻ റൈറ്റിംഗ് ഇൻ ഇംഗ്ലീഷ് ’ എന്ന വിഷയത്തിൽ കോയന്പത്തൂർ കാരുണ്യ സർവകലാശാലയിൽ ഗവേഷണം നടത്തുന്ന ഹേമ സാവിത്രിയുടെ ആദ്യ നോവൽ കൂടിയാണിത്.
അന്‍പതുകൾ പിന്നിട്ട ദളിത് കലാകാരനായ കേശുവും കേശുവിന്റെ ജീവിതത്തിലേക്ക് അറിഞ്ഞും അറിയാതെയും കടന്നു വരുന്ന പത്തോളം കഥാപാത്രങ്ങളിലൂടെയാണ് മുന്നൂറോളം പേജുകൾ ഉള്ള നോവൽ മുന്നോട്ട് പോകുന്നത്.
ദൈവത്തിന്റെ പരിവേഷം ചില സമയങ്ങളിൽ കൈവരുന്ന കേശു അതേ സമയം സമൂഹത്തിൽ നിന്നുള്ള നിരന്തര അവഗണനകൾ നേരിടുന്നവൻ കൂടിയാണ്. ദ്വന്ദവ്യക്തിത്വവുമായി പടവെട്ടിയാണ് കേശുവിന്റെ ജീവിതം.
അപകടമെന്നോ കൊലപാതകമെന്നോ വിശേഷിപ്പിക്കാവുന്ന ഒരു കാഴ്ചയ്ക്ക് വിധേയനാകുന്ന കേശുവിൽ നിന്നാണ് നോവൽ ആരംഭിക്കുന്നത്. “തെയ്യം എന്ന കലയുടെ അപൂർവമായ സൗന്ദര്യമാണ് കഥയുടെ പരിസരങ്ങളിലേക്ക് ആനയിച്ചത്. എഴുത്തിന്റെയും രചനയുടെയും രാഷ്ട്രീയം വായനക്കാർ തന്നെ തീരുമാനിക്കട്ടെ’’ – ഹേമ സാവിത്രി പറയുന്നു.
ഗവേഷണത്തിന്റെ ഫൈനൽ തീസിസ് സമർപ്പിക്കാനുള്ള ഒരുക്കങ്ങൾക്കിടയിലുള്ള അഞ്ച് മാസങ്ങൾ കൊണ്ടാണ് രചന പൂർത്തിയാക്കിയത് . അന്താരാഷ്ട്ര ജേർണലുകളിൽ കവിതകൾ രചിച്ചിട്ടുള്ള ഹേമ ഒരു കവിതാ സമാഹാരത്തിന്റെ പണിപ്പുരയിൽ കൂടിയാണിപ്പോൾ.
ഇരിങ്ങാലക്കുടയിലെ സ്കൂളിൽ എഴ് വർഷത്തോളം ഇംഗ്ലീഷ് അധ്യാപികയായിരുന്നു. സുഹൃത്തും അധ്യാപികയുമായ ദിവ്യ ധില്ലനാണ് പുസ്തകത്തിന്റെ കവർ ചിത്രത്തിന് രൂപം നല്‍കിയിരിക്കുന്നത്.
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൻമാൻ ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുള്ള നോവൽ കഴിഞ്ഞ ദിവസം ഓണ്‍ലൈനായി നടന്ന ചടങ്ങിൽ എഴുത്തുകാരൻ തൻമയ് ദുബെയാണ് പ്രകാശനം ചെയ്തത്. ആമസോണിലൂടെ വായനക്കാർക്ക് പുസ്തകം ലഭ്യമാണ്. പത്താം ക്ലാസ്സ് വിദ്യാർഥി ശ്രീദത്തൻ മകനാണ്.