തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ വനിതകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ആരോപണ വിധേയർക്കെതിരേ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യത്തിൽ സർക്കാർ നിലപാട് നിർണായകമാകും.
ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി വനിതാ പ്രവർത്തകർ തങ്ങൾക്ക് നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഹേമകമ്മീഷനോട് വെളിപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടിലെ സ്വകാര്യതയെ ഹനിക്കുന്ന ഭാഗങ്ങൾ ഒഴിച്ച് ഇന്നലെ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ മാധ്യമങ്ങൾക്ക് ഹേമകമ്മീഷൻ റിപ്പോർട്ടിന്റെ പകർപ്പ് കൈമാറിയിരുന്നു. ഈ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.
ഹേമ കമ്മീഷൻ റിപ്പോർട്ടിൻമേൽ സർക്കാരിന് തുടർ നടപടികൾ സ്വീകരിക്കാമെന്നിരിക്കെ റിപ്പോർട്ട് ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതിനെതിരെയും വിമർശനം ഉയരുകയാണ്. വിവിധ വനിതാ സംഘടന പ്രവർത്തകരും രാഷ്ട്രീയ നേതാക്കളുമാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ വരുംദിവസങ്ങളിൽ സർക്കാർ നിലപാടിനെതിരേ കുടുതൽ പേർ രംഗത്ത് വരുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്ന ചലച്ചിത്ര പ്രവർത്തക ബീനാപോൾ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സംവിധായകൻ വിനയൻ, കോണ്‍ഗ്രസ് നേതാക്കളായ കെ. മുരളീധരൻ, യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി എന്നിവരും നടപടി ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. ഈ വിഷയത്തിൽ കോണ്‍ഗ്രസ് നേതാക്കളും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും സംസ്ഥാന പോലീസ് മേധാവിക്ക് രേഖാമൂലം പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
ഒരു കുറ്റകൃത്യം നടന്നാൽ ഇൻഫർമേഷന്റെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്നാണ് നിലവിൽ നിയമത്തിൽ പ്രതിപാദിക്കുന്നതെന്നാണ് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നത്. കുറ്റകൃത്യം നടന്നുവെന്ന വിവരം കണക്കിലെടുത്ത് വിവരം നൽകിയവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാകുമെന്നാണ് നിയമവിദഗ്ധർ വ്യക്തമാക്കുന്നത്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് വനിതാ പ്രവർത്തകരെ ചൂഷണം ചെയ്തവർക്കെതിരേ മാനസികമായി പീഡിപ്പിച്ചവർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നാണ് ഇപ്പോൾ വിവിധ കോണുകളിൽ നിന്നും ഉയരുന്ന ആവശ്യം.
ഇരകളാക്കപ്പെട്ടവരുടെയും ആരോപണ വിധേയരായവരുടെയും പേര് വിവരങ്ങൾ പുറത്ത് വിടാത്ത സാഹചര്യത്തിൽ ചലച്ചിത്ര മേഖലയിൽ മാന്യമായി പ്രവർത്തിക്കുന്നവരെ കൂടി സംശയനിഴലിലാക്കുന്നതാണ് ഇന്നലെ പുറത്ത് വിട്ട റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങളെന്നും ആരോപണം ഉയരുന്നുണ്ട്. റിപ്പോർട്ടിൻമേൽ നടപടി വേണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് നാല് വർഷം മുമ്പ് തന്നെ ഡിജിപിക്ക് നൽകിയിരുന്നുവെന്നും സൂചനയുണ്ട്. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. സാംസ്കാരിക വകുപ്പ് സിനിമ നയ രൂപീകരണത്തിനായി കോണ്‍ക്ലേവ് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. നവംബറില്‍ കൊച്ചിയില്‍ ആണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാകും നയരൂപീകരണം.
നടപടി വേണമെങ്കിൽ കോടതി പറയട്ടെ: മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ടില്‍ തുടര്‍നടപടികളിലേക്ക് പോകേണ്ട കാര്യമുണ്ടെങ്കില്‍ അതിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് തീരുമാനിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ടിൽ നടപടി വേണമെങ്കിൽ കോടതി പറയട്ടെയെന്നും മന്ത്രി വ്യക്തമാക്കി.കോടതിയുടെ പരിഗണനയിൽ ഉള്ള റിപ്പോർട്ടാണ്. സർക്കാരിന് മുന്നിലേക്ക് എന്തെങ്കിലും വന്നാൽ കർശന നടപടി ഉണ്ടാകും.
റിപ്പോര്‍ട്ടില്‍ സ്ത്രീവിരുദ്ധമായ ഒട്ടേറെ കാര്യങ്ങള്‍ സിനിമാമേഖലയില്‍ നടന്നതായി പറയുന്നുവെന്ന് മാധ്യമങ്ങളില്‍ കണ്ടു. ഇക്കാര്യങ്ങള്‍ നാളെ ചര്‍ച്ച ചെയ്യും. എന്താണ് അതില്‍ പറഞ്ഞിട്ടുള്ള വസ്തുതകള്‍ എന്നു പരിശോധിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.