തിരുവനന്തപുരം: മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് സോളാർ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായരുമായും അവരുടെ കമ്പനിയുമായും ഒരു ബന്ധവുമില്ലെന്ന് ഉറപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘവും അതിന്റെ തലവൻ എ. ഹേമചന്ദ്രനും അന്വേഷണത്തിൽ ഉടനീളം ശ്രമിച്ചതായി സോളാർ ജുഡീഷൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്.
മുഖ്യമന്ത്രിയുടെ വസതിയിലെ ലാൻഡ് ഫോണിന്റെ കോൾ ലിസ്റ്റ് പോലും പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം തയാറായില്ല. തട്ടിപ്പുമായി ബന്ധപ്പെട്ടു നിയമസഭാ ചർച്ചകളിലുണ്ടായ നിലപാടുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം തയ്യാറായില്ല. ഇതു നിയമസഭയോടുള്ള അനാദരവായാണു കണക്കാക്കിയത്. ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള ഇത്തരം നിലപാട് സേനയിലെ കീഴ് ഉദ്യോഗസ്ഥർക്കു തെറ്റായ സന്ദേശമാകും നൽകുക. എഡിജിപിയുടെ ഇടക്കാല റിപ്പോർട്ടിലും മുഖ്യമന്ത്രിയെ വെള്ളപൂശാനാണു ശ്രമിച്ചത്.
എൽഡിഎഫ് നൽകിയ നിവേദനത്തിലെ ആരോപണങ്ങളും സംഘം പരിശോധിച്ചില്ല. കസ്റ്റഡിയിൽ ഇരിക്കെ സരിത എഴുതിയ കത്ത് അവഗണിച്ചതിൽ എസ്ഐടിക്ക് ന്യായീകരണമില്ല. ടീം സോളാർ റിന്യുവബിൾ എനർജി സൊല്യൂഷൻസ് കമ്പനിയുടെ പേരിൽ നടത്തിയ നിരവധി ക്രിമിനൽ കുറ്റങ്ങൾ അന്വേഷിച്ചപ്പോൾ ക്രൈം കേസുകളിൽ കന്പനിയെ പ്രതി ചേർക്കാതിരുന്നതിനെയും കമ്മീഷൻ രൂക്ഷ ഭാഷയിൽ വിമർശിച്ചു.
സരിത ഡൽഹിയിൽ പോയതിനു തെളിവുണ്ടായിരുന്നു. എന്നാൽ, മുഖ്യമന്ത്രി ഡൽഹിയിൽ ഉണ്ടായിരുന്ന ദിവസം ഡൽഹിയിൽ പോയതിന്റെ അന്വേഷണം അട്ടിമറിക്കുന്ന സമീപനമായിരുന്നു അന്വേഷണസംഘം സ്വീകരിച്ചത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും മുൻ സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യവും ഇന്റലിജൻസ് മേധാവി ടി.പി. സെൻകുമാറും എസ്ഐടി തലവൻ എ. ഹേമചന്ദ്രനും അന്വേഷണം അട്ടിമറിക്കാൻ കൂട്ടു നിന്നുവെന്നു കണക്കാക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
മികച്ച അന്വേഷണ ഉദ്യോഗസ്ഥനും സത്യസന്ധനുമെന്നും കരുതിയിരുന്ന ഹേമചന്ദ്രൻ, ക്രൈം കേസുകളുടെ അന്വേഷണം സംഘാംഗങ്ങളെ ഏൽപിച്ച ശേഷം മേൽനോട്ട ചുമതല മാത്രമാണ് അദ്ദേഹത്തിന്റെ അന്വേഷണ പരിധിയിൽ ഉണ്ടായിരുന്നുതെന്നും കമ്മീഷൻ വിമർശിക്കുന്നു.