തിരുവനന്തപുരം: ചലച്ചിത്രമേഖലയിൽ ഉയർന്ന ലൈംഗിക ആരോപണങ്ങളെക്കുറിച്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണപരിധിയിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വേണ്ടെന്ന് ഡിജിപി. റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാരിൽ നിന്ന് ആവശ്യപ്പെടേണ്ടന്നാണ് തീരുമാനം. കൂടാതെ അന്വേണസംഘത്തിലെ ഉദ്യോഗസ്ഥർ റിപ്പോർട്ട് വായിക്കേണ്ടെന്നും നിർദേശം നൽകിയിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് ഹൈക്കോടതി തീരുമാനം വന്നശേഷം ഇക്കാര്യത്തിൽ തുടർനടപടിയാവാമെന്നാണ് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിൽ ഡിജിപി നിർദേശിച്ചത്. രണ്ടു സംഘങ്ങളായി തിരിഞ്ഞ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇരകളുടെ മൊഴി രേഖപ്പെടുത്താൻ പോലീസ് ഉന്നതതല യോഗം തീരുമാനിച്ചു. ഉത്തര-ദക്ഷിണ മേഖലകളായി തിരിച്ച് രണ്ടു വീതം വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരാതി നൽകിയ സ്ത്രീകളുടെ മൊഴിയെടുപ്പു നടത്തുന്നത്.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഭാഗത്ത് ഡിഐജി അജിതാ ബീഗത്തിന്റെയും എസ്പി മെറിൻ ജോസഫിന്റെയും നേതൃത്വത്തിൽ അന്വേഷണം നടത്തും. തൃശൂർ മുതൽ വടക്കോട്ട് എഐജി ജി. പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ ഐശ്വര്യ ഡോങ്ക്റെ എന്നിവരുടെ നേതൃത്വത്തിലാകും അന്വേഷണം.