കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു വിഭാഗത്തിന്റെ മാത്രമാണെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ലൈംഗിക ചൂഷണമുണ്ടായിട്ടുണ്ടോയെന്ന് മാത്രമാണ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായവരോട് അംഗങ്ങള്‍ ആരാഞ്ഞത്.
അടിസ്ഥാന ആവശ്യങ്ങളെക്കുറിച്ചോ ബുദ്ധിമുട്ടുകളെക്കുറിച്ചോ ചോദിച്ചിട്ടില്ല. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണ തൊഴിലാളികളുടെ ഫോണ്‍നമ്പര്‍ കൈമാറിയിട്ടും അവരെ കേള്‍ക്കാള്‍ കമ്മിറ്റി താത്പര്യം കാണിച്ചില്ലെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുടെയും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെയും സംഘടനകളില്‍നിന്നും താനുള്‍പ്പെടെ നാലുപേര്‍ മാത്രമാണ് കമ്മീഷന് മുമ്പാകെ ഹാജരായത്.
സിനിമാ മേഖലയിലെ തൊഴിലിടത്ത് സ്ത്രീകള്‍ക്ക് എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നതെന്നു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി രൂപീകരിച്ചത്.
എന്നാല്‍ ആ റിപ്പോര്‍ട്ട് പുറത്തുവന്ന അന്നുമുതല്‍ സിനിമാ മേഖലയിലുള്ള സ്ത്രീകളെ ഒന്നടങ്കം അപമാനിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിലിടത്തെ ചൂഷണം സംബന്ധിച്ച് അറിഞ്ഞിരുന്നെങ്കില്‍ ജസ്റ്റീസ് ഹേമ ആദ്യം പോലീസിനെ വിവരം അറിയിക്കണമായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.