കണ്ണൂർ: കണ്ണൂർ സിറ്റി ഹൈസ്കൂള്‍ അധ്യാപിക ഉരുവച്ചാല്‍ സ്വദേശിനി ഹേമജ (46) കൊല്ലപ്പെട്ടിട്ട് ഒൻപത് വർഷമായിട്ടും മുഖ്യപ്രതിയായ ഭർത്താവിനെ കണ്ടെത്താൻ ഇനിയുമായില്ല. 2009 സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിയുന്നത്.
വീടിനടുത്തുളള റോഡില്‍ നിര്‍ത്തിയിട്ട മാരുതി ഓംനി വാനിലാണ് ഹേമജയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ചപ്പോള്‍ത്തന്നെ ഡിങ്കന് ശശി എന്നു വിളിപ്പേരുള്ള ഭര്‍ത്താവ് ശശീന്ദ്രനാണ് പ്രതിയെന്ന് കണ്ടെത്തിയിരുന്നു.
എന്നാൽ ഇതുവരെ ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സംഭവദിവസം രാത്രിയില്‍ അസുഖബാധിതനെന്നു നടിച്ച ശശീന്ദ്രന് ഭാര്യ ഹേമജയെയും കൂട്ടി ആശുപത്രിയിലേക്കെന്നു പറഞ്ഞാണ് മാരുതി ഓംനിയില്‍ പുറത്തേക്കു പോയത്. വഴിയില്‍ വച്ച് സുഹൃത്തായ ടി.എന്‍. ശശി കൂടെ കയറി. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ശശി ഹേമജയുടെ കൈകള്‍ പുറകിലേക്ക് വലിച്ചുപിടിച്ചു.
ഈ സമയം ഭര്‍ത്താവ് കഴുത്തിന് വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. എന്നാല്‍ കൊലപാതകം നടന്നപ്പോള്‍ ഭയന്നുപോയ ശശി ഓംനി വാനില്‍നിന്ന് ഇറങ്ങിയോടി. ഇതോടെ പദ്ധതികള്‍ പൊളിഞ്ഞ ശശീന്ദ്രൻ മൃതദേഹവും വാനും ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ശശിയെ വളരെ വേഗംതന്നെ പിടികൂടാൻ പോലീസിനു കഴിഞ്ഞു. ഇതോടെയാണ് നിഷ്ഠൂരമായ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. കൊലപാതകത്തിനു തലേന്ന് സെപ്റ്റംബര്‍ നാലിനുതന്നെ ശശീന്ദ്രന്റെ പന്നേന്പാറയിലുള്ള തറവാടുവീടിന്റെ വളപ്പില്‍ മൃതദേഹം അടക്കം ചെയ്യാനായി കുഴിയെടുത്തിരുന്നതായും കണ്ടെത്തിയിരുന്നു.
പോലീസ് ഇയാൾക്കുവേണ്ടി വലവീശിയെങ്കിലും ഗള്‍ഫിലേക്ക് കടന്നുവെന്ന പ്രചാരണത്തില്‍ കേസന്വേഷണം വഴിമുട്ടി. കൊലപാതകത്തെ തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഹേമജയുടെ പിതാവ് അമ്പാടി ചന്ദ്രശേഖരന് സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
മുംബൈ, പശ്ചിമബംഗാള്‍, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അന്വേഷണസംഘം ശശീന്ദ്രനെ തേടിയിരുന്നെങ്കിലും കിട്ടിയില്ല. ഇതിനിടെ, കേസന്വേഷണം ജില്ലാ പോലീസ് സൂപ്രണ്ടിന് കൈമാറി ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. കണ്ണൂര്‍ സിറ്റി സിഐ അന്വേഷിച്ച കേസ് പിന്നീട്
ടൗണ്‍ ഡിവൈഎസ്പിക്ക് കൈമാറിയിരുന്നെങ്കിലും അന്വേഷണത്തിൽ വലിയ പുരോഗതിയൊന്നും ഉണ്ടായില്ല.
സിഐമാരെ ഇടയ്ക്കിടെ സ്ഥലംമാറ്റുന്നതിനനുസരിച്ച് അന്വേഷണം മന്ദഗതിയിലാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ടി.ഒ. മോഹനന് നല്കിയ ഹർജിയില്‍ ജില്ലാ പോലീസ് മേധാവി കേസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എസ്.എസ്. സതീഷ് ചന്ദ്രൻ ഉത്തരവിട്ടിരുന്നു. ഇതിനിടെ, കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹേമജയുടെ പിതാവ് അമ്പാടി ചന്ദ്രശേഖരന് ഹൈക്കോടതിയില്‍ റിട്ട് ഹർജി നല്‍കിയെങ്കിലും അതു പരിഗണനയ്ക്കെടുക്കും മുമ്പ് അദ്ദേഹം മരിച്ചു.
ചന്ദ്രശേഖരന്റെ ഭാര്യ ഇന്ദിര ഹർജിക്കാരിയായി കേസ് തുടര്‍ന്ന് നടത്തി. ഹേമജ വധക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ച് ഉള്‍പ്പെടെ നിരവധി സമരങ്ങളും നടത്തിയിരുന്നു.
ഇതിനിടെ പ്രതി ഡിങ്കൻ ശശിക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം നടത്തിയിരുന്നു. ഏകദേശം 59 വയസ് പ്രായം, ഒത്ത ശരീരം, സുമാര്‍ 168 സെന്റീമീറ്റര്‍ ഉയരം, വെളുത്ത നിറം, നെറ്റിയില്‍ മധ്യഭാഗത്തായി ഒരു മുറിക്കല, പുറത്ത് പശുകുത്തിയ അടയാളം, മുന്‍ഭാഗം മുടി അല്‍പ്പം കയറിയനിലയില്‍ എന്നിവയാണു ലുക്കൗട്ട് നോട്ടീസിലെ വിവരം.
മുടി നീട്ടിവളര്ത്താറില്ല, സ്ഥിരമായി ചെരുപ്പ് ഉപയോഗിക്കുന്ന ശീലമില്ല, സാധാരണ മുണ്ടും ഷര്‍ട്ടുമാണ് വേഷം, ഒച്ചയെടുത്ത് സംസാരിക്കാറില്ല, ആരോടും വഴക്കിനു പോകാത്ത പ്രകൃതമാണ്, തലതാഴ്ത്തിയാണ് നടക്കാറുള്ളത്, നന്നായി ഭക്ഷണം കഴിക്കും, കൃഷി, മൃഗപരിപാലനം, പ്രത്യേകിച്ച് പശുവളര്‍ത്തല്‍ എന്നിവയിലാണു താത്പര്യം, നല്ല കായികശേഷി ഉണ്ട്, അധ്വാനശീലനാണ്, ഡ്രൈവിംഗ് വശമുണ്ട്, ഓട്ടോറിക്ഷയും ഓടിക്കും തുടങ്ങിയ വിവരങ്ങളുമാണ് ശശിയെക്കുറിച്ച് പോലീസ് പുറത്തുവിട്ടിട്ടുണ്ട്.