കുന്നംകുളം: ആത്മീയ ചികിത്സയുടെ പേരിൽ വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി.
കറുകപുത്തൂർ പള്ളിപ്പടി പുള്ളിഹൗസിൽ സെയ്ത് ഹസൻ തങ്ങൾ (34) ആണ് അറസ്റ്റിലായത്. കറുകപുത്തൂർ പള്ളിപ്പടിയിലുള്ള ഇയാളുടെ വീടിനോടു ചേർന്നാണു ചികിത്സ നടത്തിയിരുന്നത്.
ദാന്പത്യ പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായി ഇയാൾ മന്ത്രവാദം നടത്തുകയും മരുന്നു നല്കുകയും ചെയ്തിരുന്നു. കടുത്ത പ്രശ്നങ്ങളുള്ള സ്ത്രീകളെ ഒറ്റയ്ക്ക് ഒരു മുറിയിൽ വരുത്തിയായിരുന്നു ഇയാളുടെ ചികിത്സാരീതി.
ഇയാളെക്കുറിച്ചു നേരത്തേയും ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും ആരും പോലീസിൽ പരാതിപ്പെട്ടിരുന്നില്ല.
കഴിഞ്ഞ ദിവസം കുടുംബപ്രശ്നം തീർക്കാനായെത്തിയ ചാലിശേരി സ്വദേശിയായ യുവതിയെ മുറിയിൽ കയറ്റി ലൈംഗിക ആവശ്യത്തിനായി സമീപിക്കുകയായിരുന്നു.
പരിഭ്രമിച്ചു വാതിൽ തുറന്നു പുറത്തേക്കോടിയ യുവതി കൂടെയുണ്ടായിരുന്നവരോട് ഒന്നും പറയാതെ വീട്ടിലേക്കു പോന്നു.
പിന്നീടു വിഷയത്തെക്കുറിച്ചു കേട്ടറിഞ്ഞ ചാലിശേരി പോലീസ് വീട്ടമ്മയുടെ അടുത്തെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു കേസെടുക്കുകയായിരുന്നു.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ മെന്പർ എന്നെഴുതിയ ബോർഡുവച്ച ഇയാളുടെ വാഹനം പോലീസ് പിടിച്ചെടുത്തു ബോർഡ് അഴിപ്പിച്ചിരുന്നു.