സ്വന്തം ലേഖകന്‍
കോഴിക്കോട്: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആഭ്യന്തരവകുപ്പിനെ വിവാദത്തിലാക്കി വനിതാ ഐപിഎസ് ഓഫീസര്‍ !
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ എം. ഹേമലതയുടെ പുതിയ ഉത്തരവാണ് സംസ്ഥാനത്തെ മുഴുവന്‍ പോലീസുകാര്‍ക്കിടയില്‍ ചര്‍ച്ചയായത്. സ്റ്റേഷനിലെ എല്ലാ പോലീസുകാരും രാവിലെ എട്ടിന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് പുതിയ നിര്‍ദേശം.
അതിന് ശേഷം സ്റ്റേഷന് പരിസരത്ത് ഏതെങ്കിലും പോലീസുകാരന് എത്തിയാല്‍ ആ വിവരം ഡിസിപി ഓഫീസില്‍ അറിയിക്കണമെന്നുമാണ് നിര്‍ദേശം.
സംസ്ഥാനത്തെ ഒരു സ്റ്റേഷനിലും ഇത്തരത്തില്‍ ഡ്യൂട്ടി സമയം ക്രമീകരിച്ചിട്ടില്ല. ഇതോടെ പോലീസുകാര്‍ ഒന്നടങ്കം ഉത്തരവില്‍ അതൃപ്തിയിലാണ്.
എല്ലാ പോലീസ് സ്റ്റേഷനുകളില്‍ രാവിലെ ഒന്‍പത് മണിക്കാണ് ഡ്യൂട്ടി ആരംഭിക്കുന്നത്. എസ്എച്ച്ഒ മാര്‍ എത്തി ഡ്യൂട്ടി നിര്‍ണയിച്ച് ഓരോ പോലീസുകാര്‍ക്കും ചുമതല നല്‍കുകയാണ് പതിവ്.
ഇപ്രകാരം രാവിലെ ഒന്‍പതിന് ഡ്യൂട്ടിയില്‍ കയറുന്ന പോലീസുകാര്‍ കേസന്വേഷണവും ക്രമസമാധാന പാലനവുമെല്ലാം കഴിഞ്ഞ രാത്രി 10 നും 11 നുമാണ് ഡ്യൂട്ടി അവസാനിപ്പിക്കുന്നത്. എന്നിട്ടും പിറ്റേദിവസം ഒന്‍പതിന് ഇവര്‍ സ്റ്റേഷനുകളില്‍ എത്തുകയും ചെയ്യാറുണ്ട്.
അവശ്യഘട്ടങ്ങളില്‍ എസ്എച്ച്ഒമാരുടെ നിര്‍ദേശാനുസരണം പുലര്‍ച്ചെ ഡ്യൂട്ടിയില്‍ ഹാജരാവുകയും ചെയ്യാറുണ്ട്. ലോക്ഡൗണ്‍ കാലയളവില്‍ പുലര്‍ച്ചെ ആറിനായിരുന്നു പോലീസുകാര്‍ ഡ്യൂട്ടി ആരംഭിച്ചിരുന്നത്.
ഇത്തരത്തില്‍ ഡ്യൂട്ടി കൃത്യമായി നിര്‍വഹിക്കുന്നതിനിടെയാണ് അനവസരത്തില്‍ ഡിസിപി പുതിയ നിര്‍ദേശവുമായി എത്തിയതെന്നാണ് പോലീസുകാര്‍ പറയുന്നത്.
എട്ടിന് സ്റ്റേഷനില്‍ എത്തണമെന്ന നിര്‍ദേശം വന്നയുടന്‍ തന്നെ പോലീസുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരുന്നു.
പോലീസുകാരുടെ മാനസികാവസ്ഥയും ജോലി ഭാരവും കണക്കിലെടുത്ത് പോലീസ് അസോസിയേഷന് നേതാക്കള്‍ ഡിസിപിയെ നേരില്‍ കണ്ട് പുതിയ നിര്‍ദേശത്തില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇത് പ്രകാരം ഡിസിപി 8.15 നും 8.30 നും ഇടയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചു. എല്ലാ എസ്എച്ച്ഒമാരും ഈ നിര്‍ദേശം പോലീസുകാര്‍ക്ക് നല്‍കുകയും ചെയ്തു.
എന്നാല്‍ തൊട്ടടുത്ത ദിവസം ഡിസിപി ഉത്തരവിറക്കിയപ്പോള്‍ എട്ട് മണിക്ക് തന്നെ ഹാജരാകണമെന്ന നിര്‍ദേശമാണുള്ളത്. ഇതോടെ രാവിലെ ദൂരസ്ഥലങ്ങളില്‍ നിന്ന് വരെ പോലീസുകാര്‍ എട്ടിന് സ്റ്റേഷനില്‍ എത്താന്‍ തുടങ്ങി.
തിരിച്ചുപോവുന്നതില് ഇപ്പോഴും പോലീസുകാര്‍ കൃത്യസമയം പാലിക്കാറില്ല. രാത്രി 11 വരെ ജോലി ചെയ്തിട്ടാണ് ഇവര്‍ സ്റ്റേഷനില്‍ നിന്നിറങ്ങുന്നത്.
രാത്രിയില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ രാവിലെ ഒന്‍പതിന് പോലീസുകാര്‍ ഡ്യൂട്ടിയിലെത്തിയ ശേഷമാണ് പോവാറുള്ളത്. അതിനാല്‍ ഡ്യൂട്ടി സംബന്ധിച്ചുള്ള വീഴ്ചകളോ സ്റ്റേഷനില്‍ ആളില്ലാത്ത പ്രശ്നങ്ങളോ ഉണ്ടാവാറില്ല.
ഈ സാഹചര്യം നിലനില്‍ക്കെ പോലീസുകാരെ ബോധപൂര്‍വം വേട്ടയാടുകയെന്ന ലക്ഷ്യമാണ് പുതിയ ഉത്തരവിന് പിന്നിലുള്ളതെന്നാണ് സേനയിലെ പൊതുഅഭിപ്രായം.
ജനമൈത്രി പോലീസ് സ്റ്റേഷനില്‍ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ലഘുഭക്ഷണവും ഒരുക്കിയതിന് പോലീസുകാരനെ സസ്പെന്റ് ചെയ്ത സംഭവം കെട്ടടങ്ങുന്നതിന് മുമ്പാണ് ആഭ്യന്തരവകുപ്പിനെ വിവാദത്തിലാക്കുന്ന പുതിയ നിര്‍ദേശം വന്നത്.
ഡിസിപിയുടെ ഉത്തരവ് തെരഞ്ഞെടുപ്പില്‍ സര്‍ക്കാറിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് പോലീസുകാര്‍ പറയുന്നത്.