ന്യൂഡല്‍ഹി: കുംഭമേളയ്ക്കിടെ തിക്കിലുംതിരക്കിലും 30 പേർ മരിച്ചതു വലിയ സംഭവമല്ലെന്നു ബിജെപി എംപിയും നടിയുമായ ഹേമമാലിനി. യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് കുംഭമേളയിലെ ദുരന്തം അഖിലേഷ് യാദവ് പാർലമെന്റിൽ അവതരിപ്പിച്ചതിനു മറുപടിയായിട്ടായിരുന്നു ഹേമമാലിനിയുടെ പ്രതികരണം.
തെറ്റായി സംസാരിക്കുക എന്നതു മാത്രമാണ് അഖിലേഷിന്റെ ജോലിയെന്ന് ഹേമമാലിനി പരിഹസിച്ചു. ഞങ്ങളും കുംഭമേള സന്ദര്‍ശിച്ചിരുന്നു. അങ്ങനെ സംഭവിച്ചു. പക്ഷേ, അതത്ര വലുതായിരുന്നില്ല. അഖിലേഷിന്റെ നേതൃത്വത്തിൽ സംഭവത്തെ പര്‍വതീകരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മഹാകുംഭമേളയ്ക്കിടെയുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദി സർക്കാരാണെന്നും മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ മറച്ചുവച്ചുവെന്നുമായിരുന്നു അഖിലേഷ് യാദവിന്റെ ആരോപണം. കഴിഞ്ഞ മാസം 29നുണ്ടായ അപകടത്തിൽ 30 പേർ മരിച്ചതിനു പുറമെ 60 പേര്‍ക്കു പരിക്കേറ്റിരുന്നു.