ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിൽ അന്യസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് മരിച്ച നിലയിൽ. ബംഗാൾ സ്വദേശിയായ ഹേമന്തോ റോയ് ബാഗ്ദി (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഭാര്യയുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ കത്തി കൊണ്ട് സ്വയം കഴുത്ത് അറുക്കുകയായിരുന്നു എന്നാണ് ഒപ്പം താമസിക്കുന്നവർ പോലീസിനോട് പറഞ്ഞത്. നിലവിളി കേട്ട് ഇവരെത്തുമ്പോൾ ചോരയിൽ കുളിച്ച നിലയിലായിരുന്നു ഹേമന്തോ. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യയുമായി നിരന്തരം വഴക്കിലായിരുന്നു ഹേമന്തോ റോയ് എന്നും ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. രണ്ടു മാസം മുൻപാണ ഇയാൾ പൂച്ചാക്കലിൽ ജോലിക്കെത്തുന്നത്. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.