ധൻബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച 3,000 പേർക്കെതിരെ രാജ്യദ്രോഹകുറ്റം ആരോപിച്ച് ചുമത്തിയ കേസുകൾ പിൻവലിക്കുമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ. രാജ്യത്തെ നിയമങ്ങൾ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാനുള്ളതല്ലെന്നും ജനങ്ങളുടെ സുരക്ഷക്കാണെന്നും അദ്ദേഹം പറഞ്ഞു.
വസൈയ്പൂർ മേഖലയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ പങ്കെടുത്തവർക്കെതിരെയായിരുന്നു കേസെടുത്തത്. ജനങ്ങളുടെ ശബ്ദമാകാനാണ് തന്റെ സർക്കാർ പ്രവർത്തിക്കുന്നത്. 3,000 പേർക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കേസുകൾ പിൻവലിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്നും ഹേമന്ദ് സോറൻ പറഞ്ഞു.
ജാർഖണ്ഡിലെ ജനങ്ങളോട് ക്രമസമാധാനം നിലനിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹേമന്ദ് സോറൻ കൂട്ടിച്ചേർത്തു.