റാഞ്ചി: കേന്ദ്രസര്‍ക്കാരുമായും ബിജെപിയുമായും ഒത്തുതീര്‍പ്പിനുവേണ്ടി കെഞ്ചില്ലെന്നു ജാര്‍ഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ. പോരാട്ടം തുടരുമെന്നും പരാജയം സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കവിയും അക്കാഡമിക് വിദഗ്ധനുമായ ശിവമംഗള്‍ സിംഗ് സുമന് എഴുതിയ ചില വരികള്‍ എക്സില്‍ പങ്കുവച്ചാണ് സോറന്റെ പ്രതികരണം. അഴിമതിക്കേസിൽ ഇഡി ഇന്നലെ സോറനെ അറസ്റ്റ് ചെയ്തിരുന്നു.
കേന്ദ്ര ഏജൻസികൾ സര്‍ക്കാര്‍ ഏജൻസികൾ അല്ലാതായെന്നും പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ സെല്ലുകളായാണ് അവ പ്രവര്‍ത്തിക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. അഴിമതിയിൽ മുങ്ങിയ ബിജെപി ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള പ്രചാരണമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഏഴ് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനുശേഷമാണു സോറനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഉറപ്പായതോടെ 48 കാരനായ സോറൻ രാജിവച്ചിരുന്നു. ഇന്നു റാഞ്ചിയിലെ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ സോറനെ ഹാജരാക്കും. സോറനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ഇഡി നീക്കം.
ജാര്‍ഖണ്ഡിലെ ഭൂമി കുംഭകോണം, കല്‍ക്കരി കുംഭകോണം, ഖനന കുംഭകോണം എന്നിങ്ങനെ മൂന്ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ സോറനെതിരേ ശക്തമായ തെളിവുകളുണ്ടെന്ന് ഇഡി പറയുന്നു. ഇഡിക്കെതിരേ ഹേമന്ത് സോറൻ ഹൈക്കോടതിയെ സമീപിക്കുമെന്നു റിപ്പോർട്ടുണ്ട്.
അതേസമയം, ഹേമന്ത് സോറനു പകരം ഗതാഗതമന്ത്രി ചംപയ് സോറനെ അടുത്ത ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ജെഎംഎം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടശേഷം ചംപയ് സോറന് ഗവര്‍ണറെ സമീപിച്ച് 80 അംഗ നിയമസഭയിൽ 47 അംഗങ്ങളുടെ പിന്തുണ അവകാശപ്പെട്ടു. 2005 മുതൽ എംഎൽഎയാണ് ചംപയ്.
ഭാര്യ കൽപനയെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഹേമന്ത് സോറനു താൽപര്യം. എന്നാൽ, അവകാശവാദവുമായി ഇളയ സഹോദരൻ ബസന്ത് സോറൻ, അന്തരിച്ച മൂത്ത സഹോദരന്റെ ഭാര്യ സീത സോറൻ എന്നിവർ രംഗത്തുവന്നതോടെ തർക്കമായി. എംഎൽഎ പോലുമല്ലാത്ത ഭാര്യയെ മുഖ്യമന്ത്രിയാക്കുന്നതിൽ പാർട്ടിക്കുള്ളിലും അമർഷമുയർന്നിരുന്നതായി റിപ്പോർട്ടുണ്ട്.