ന്യൂഡൽഹി: ദേശീയ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന സൂചന നൽകി ജാർഖണ്ഡിൽ മുഖ്യമന്ത്രിയാകുന്ന ഹേമന്ത് സോറൻ. ഇതു മുസ്ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നു ചൂണ്ടിക്കാട്ടിയ ഹേമന്ത്, രാജ്യത്തെ സാധാരണക്കാരായ മനുഷ്യർ ജീവിക്കാനുള്ള വഴി തേടണോ, അതോ പേപ്പറുകൾ ശരിയാക്കുകയാണോ വേണ്ടതെന്നും എന്നും ചോദിച്ചു.
ജനങ്ങൾ മരിക്കുകയാണ്. നോട്ടുനിരോധന സമയത്തു നിരവധി പേർ ക്യൂവിൽനിന്നു മരിച്ചു. ബിജെപിയുടെ നിയമങ്ങൾ ആളുകളെ കൊല്ലുകയാണ്. എന്നാൽ ആരും ഉത്തരവാദിത്തം ഏൽക്കാൻ തയാറാകുന്നില്ല. ഇതു മുസ്ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ല. ഇന്ത്യക്കാർ വീണ്ടും തങ്ങളുടെ പൗരത്വം തെളിയിക്കാൻ വരി നിൽക്കേണ്ടിവരുന്നു. രാജ്യത്തു ഭൂരിഭാഗവും കർഷകരാണ്. അവർ ജീവിക്കാനുള്ള വഴി തേടണോ, അതോ പൗരത്വം തെളിയിക്കണോ എന്നും ഹേമന്ത് ചോദിക്കുന്നു.
കുടുംബ രാഷ്ട്രീയം സംബന്ധിച്ച ബിജെപിയുടെ ആരോപണങ്ങൾക്കും ഹേമന്ത് മറുപടി നൽകി. ഇത്തരം ആരോപണങ്ങൾ വേദനിപ്പിക്കുന്നു. മാതാപിതാക്കളെ ആക്രമിക്കുന്നതുപോലെയാണു തോന്നുക. സിംഹത്തിന്റെ കുഞ്ഞ് സിംഹക്കുട്ടി തന്നെയായിരിക്കും. ഒരു ചെരുപ്പുകുത്തിയുടെ മകൻ ചെരുപ്പുകുത്തിയായൽ ആർക്കും ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം എൻഡിടിവിയോടു പ്രതികരിച്ചു.
ജാർഖണ്ഡിൽ 47 സീറ്റ് നേടിയാണു കോണ്ഗ്രസ്-ജഐംഎം നേതൃത്വത്തിലുള്ള മഹാസഖ്യം സഖ്യം അധികാരം പിടിക്കുന്നത്. ജഐംഎം 30 സീറ്റുകൾ നേടിയപ്പോൾ കോണ്ഗ്രസ് സീറ്റ് നില 16 ആയി ഉയർത്തി. ആർജെഡി ഒരു സീറ്റ് നേടി.