തലച്ചോറിലെ രക്തസ്രാവത്തിനു പല കാരണങ്ങൾ ആവാം. തലച്ചോറിലെ രക്തക്കുഴലിൽ പ്രഷർ കൂടിയതു മൂലം ഞരമ്പു പൊട്ടുന്നത് കൊണ്ടാവാം അല്ലെങ്കിൽ അന്യൂറിസം (Aneurysm) മൂലവും ആവാം.
എന്താണ് അന്യൂറിസം?
തലച്ചോറിലെ രക്തധമനികളിൽ ചെറിയ കുമിളകൾ പോലെ വരികയും ബലഹീനത സംഭവിക്കുകയും പെട്ടെന്ന് പൊട്ടുകയും ചെയ്യുന്നതുവഴി തലച്ചോറിൽ രക്തസ്രാവം സംഭവിക്കുന്നതുമാണ് അന്യൂറിസം.
ജന്മനാ തകരാറുകൾ
ഇതും കൂടാതെ ചിലപ്പോൾ ചില രക്തധമനികൾക്കു ജന്മനാ സംഭവിക്കുന്ന തകരാറുകൾ (Congenital anomaly) മൂലവും
രക്തസ്രാവം സംഭവിച്ചേക്കാം. ആർട്ടീരിയോവീനസ് മാൽഫോർമേഷൻ (Arteriovenous Malformation) അത്തരത്തിൽ ഒന്നാണ്. ഇത്തരം അവസ്ഥയിൽ രക്തധമനികൾക്കു വലിയ ബലം കാണില്ല. അവ ഏതെങ്കിലും ഒരു ഘട്ടത്തിൽ പൊട്ടുന്നത് വഴി രക്തസ്രാവം സംഭവിക്കുന്നു.
തലച്ചോറിലെ രക്തസ്രാവം എങ്ങനെ തിരിച്ചറിയാം?
ജോലിചെയ്യുന്നതിനിടയിൽ പെട്ടെന്ന് തലവേദന ഉണ്ടാവുകയും അത് അടിക്കടി തീവ്രത കൂടിവരികയും ചെയ്യുന്നു. ഇതിനോട് അനുബന്ധിച്ചു അപസ്മാരം വരികയോ ഒരു വശം തളർന്നു പോവുകയോ ചെയ്തേക്കാം.
ചിലയവസരങ്ങളിൽ അബോധാവസ്ഥയിലേക്കും പോയെന്നു വരാം. ഈ അവസരത്തിൽ രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കേണ്ടതാണ്.
40 വയസിന് താഴെയുള്ളവരിലും
40 വയസിന് താഴെയുള്ളവരിലും പക്ഷാഘാതം (യങ് സ്ട്രോക്ക്) ഏറിവരുന്നുണ്ട്. തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി പോലെയുള്ള ദുശീലങ്ങള്, മാനസിക പിരിമുറുക്കം എന്നിവയാണ് ഇതിന് കാരണമായി പറയപ്പെടുന്നത്.
പക്ഷാഘാതസാധ്യത കുറയ്ക്കുന്നതിന്
– ഉയർന്ന രക്തസമ്മർദ്ദം (രക്താതിമർദ്ദം) നിയന്ത്രിക്കുക.
– പുകവലി ഉപേക്ഷിക്കുക. പുകവലിസ്ട്രോക്ക് സാധ്യത വർധിപ്പിക്കുന്നു.
– ആരോഗ്യകരമായ ഭാരം നിലനിർത്തുക. അമിതഭാരം ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, പ്രമേഹം തുടങ്ങിയ മറ്റ് സ്ട്രോക്ക് അപകടസാധ്യതാ ഘടകങ്ങൾക്ക് കാരണമാകുന്നു.
– പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണം കഴിക്കുക.
– ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ (OSA) ഉണ്ടെങ്കിൽ
ചികിത്സിക്കുക.
(തുടരും)
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ – 0484 2772048
[email protected]