ഗാന്ധിനഗർ: കാൻസർ ഇല്ലാത്ത രോഗിക്ക് കീമോതെറാപ്പി (കാൻസർ ചികിത്സ) നൽകിയെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കുന്ന ഉന്നതതല സംഘം നാളെ വീണ്ടും എത്തും. രാവിലെ 10.30 ന് കോട്ടയം മെഡിക്കൽ കോളജ് ഓഫീസിൽ എത്തുന്ന സംഘം പരാതിക്കാരി മാവേലിക്കര പാലമേൽ ചിറയ്ക്കൽ കിഴക്കേക്കര വീട്ടിൽ രജനി (38)യിൽ നിന്ന് മൊഴിയെടുക്കും.
നാളെ എത്താമെന്ന് രജനി ഉറപ്പു നല്കിയിട്ടുള്ളതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം എത്തിയ അന്വേഷണ സംഘം രജനിക്ക് കത്തു നല്കിയെങ്കിലും യാത്രചെയ്യാനുള്ള അസ്വസ്ഥത മൂലം ഹാജരാകില്ല എന്ന് അറിയിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജനറൽ സർജറി മേധാവി ഡോ വി.വിശ്വനാഥൻ, കോഴിക്കോട് മെഡിക്കൽ കോളജിലെ കാൻസർ വിഭാഗം മേധാവി ഡോ അജയകുമാർ, ആലപ്പുഴ മെഡിക്കൽ കോളജ് പതോളജി വിഭാഗം മേധാവി ഡോ.രമാ പ്രിയ ദർശനി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
നാളെ പരാതിക്കാരിയുടെമൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.സ്വകാര്യ ലാബിലെ ബയോപ്സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജനിക്ക് കീമോ ചികിത്സ ആരംഭിച്ചു. പിന്നീട് മെഡിക്കൽ കോളജ് പതോളജി ലാബിൽ പരിശോധിച്ചപ്പോൾ രോഗിക്ക് കാൻസർ ഇല്ലെന്നു കണ്ടെത്തി. ഇതിനെതിരേ രജനി സ്വകാര്യ ലാബിനും ചികിത്സിച്ച ഡോക്ടർക്കുമെതിരേ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നല്കിയിരുന്നു. ഇതേക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.