സ്കൂട്ടർ അപകടത്തിൽ ഉടമ മരിച്ചതിനെത്തുടർന്ന് അപകടസ്ഥലത്തുനിന്നു മാറാതെ തകർന്ന സ്കൂട്ടറിന്റെ മുകളിൽ കയറിനിൽക്കുന്ന പൂവൻകോഴി നാട്ടുകാർക്ക് അദ്ഭുതമായി. ദക്ഷിണ കന്നഡ ജില്ലയിലെ കടബ് താലൂക്കിലെ പുളികുക്കിലാണ് അസാധാരണ സംഭവം.
സ്കൂട്ടറിൽ കോഴിയുമായി പോകുകയായിരുന്ന ഇടമംഗല വില്ലേജിലെ സീതാരാമ ഗൗഡയാണ് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്തുതന്നെ ഗൗഡയ്ക്കു ദാരുണാന്ത്യം സംഭവിക്കുകയും ചെയ്തു. തന്റെ വീട്ടിൽ നടക്കാനിരുന്ന മംഗളകർമത്തിനു കോഴിയെ കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം.
അപകടം നടക്കുന്പോൾ കോഴിയുടെ കാലുകൾ കയറുകൊണ്ട് ബന്ധിച്ചതിനാൽ ഗൗഡയ്ക്കൊപ്പം കോഴിയും റോഡിൽവീണു. പിന്നീട് സ്ഥലത്തുണ്ടായിരുന്നവർ കോഴിയുടെ കാലിൽ കെട്ടിയ കയർ അഴിച്ചുമാറ്റി. സമീപത്തെ കാട്ടിലേക്കു പോയ കോഴി, ആളുകൾ പിരിഞ്ഞുപോയശേഷം തിരിച്ചെത്തി.
സ്കൂട്ടറിന്റെ സീറ്റിൽ കയറി നിൽപ്പുറപ്പിച്ചു. ആളുകൾ വരുന്പോൾ കോഴി അടുത്തുള്ള മരത്തിൽ കയറി ഇരിക്കും. അവർ പോയശേഷം വീണ്ടും തിരിച്ചെത്തി സ്കൂട്ടറിനു മുകളിൽ കയറി നിൽക്കും. രണ്ടു ദിവസം കഴിഞ്ഞിട്ടും കോഴി അവിടെ നിന്നു പോകാതായതോടെ ആളുകൾ ആശയക്കുഴപ്പത്തിലായി. എന്താണ് ഇതിലെ യാഥാർഥ്യമെന്ന് ആർക്കും വിശദീകരിക്കാൻ കഴിയുന്നില്ല.