ചെറായി: ഒമിക്രോണ്‍ വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ ചെറായി, കുഴുപ്പിള്ളി, പുതുവൈപ്പ്, വളപ്പ് തുടങ്ങിയ എല്ലാ ബീച്ചുകളിലെയും ആഘോഷങ്ങള്‍ക്ക് പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.
വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുളള ദിവസങ്ങളില്‍ രാത്രി 10 മണിക്ക് മുമ്പായി ബീച്ചുകളില്‍ ഒഴിഞ്ഞുപോകണമെന്ന് മുനമ്പം – ഞാറക്കല്‍ പോലീസ് അധികൃതരുടെ മുന്നറിയിപ്പ്. രാത്രി 10ന് ശേഷം യാതൊരു കാരണവശാലും യാത്രകള്‍ അനുവദിക്കില്ല.
മാത്രമല്ല എല്ലാ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും രാത്രി 10ന് നിര്‍ബന്ധമായി അടക്കണം.
പൊതുസ്ഥലങ്ങള്‍ 50 ശതമാനം വരെ ആളുകളെ അനുവദിക്കു. പോലീസിന്റെ പരിശോധന ശക്തമായിരിക്കുമെന്നും നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേയും സ്ഥാപനങ്ങള്‍ക്കെതിരേയും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്കുന്നു.
പുതുവര്‍ഷ ആഘോഷ നിയന്ത്രണം; സംരംഭകര്‍ക്ക് കനത്ത നഷ്ടം
വൈപ്പിന്‍: പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ ചെറായി, കുഴുപ്പിള്ളി, മുമ്പം ബീച്ചുകളിലെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും പുതുവര്‍ഷത്തോടനുബന്ധിച്ച് മുന്‍കൂട്ടി ഏര്‍പ്പാടാക്കിയിരുന്ന ആഘോഷ പരിപാടികള്‍ മാറ്റി.
ഇതോടെ ബീച്ചിലെ സംരംഭകര്‍ക്ക് കനത്ത നഷ്ടമാണ് നേരിടേണ്ടി വരുന്നതെന്ന് ഇവര്‍ പരാതിപ്പെട്ടു.
50 ശതമാനത്തിന്റെ കണക്കില്‍ നിയന്ത്രണങ്ങളോടെ റിസോര്‍ട്ടുകളുടെ വളപ്പിലും, ഹോട്ടലുകള്ക്കുള്ളിലും ആഘോഷങ്ങള്‍ക്ക് അനുമതി നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ബീച്ചിലെ സംരംഭകരുടെ ആവശ്യം.
പ്രളയത്തിനുശേഷം കോവിഡും കൂടിയായതോടെ തകര്‍ന്നു നില്ക്കുന്ന ബീച്ച് ടൂറിസം കരപറ്റാനുള്ള സാധ്യതകള്‍ക്കിടെയാണ് വീണ്ടും സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
പുതുവര്‍ഷ രാവുകളില്‍ രാത്രി ഒൻപതോടെ ആരംഭിച്ച് ഒരു മണിവരെയുള്ള പരിപാടികളാണ് റിസോര്‍ട്ടുകളില്‍ നടക്കുക.
ഇത് ഇപ്പോള്‍ നടത്താന്‍ പറ്റാത്ത അവസ്ഥ വന്നതോടെ ബുക്ക് ചെയ്തിരുന്ന കലാപരിപാടികള്‍ എല്ലാം റിസോര്‍ട്ടുകള്‍ കാന്‍സല്‍ ചെയ്തതായി ചെറായി ബീച്ച് റിസോര്‍ട്സ് ആന്റ് ഡവലപ്പ്മെന്റെ ഫോറം പ്രസിഡന്റ് എം.വി. വിനോജ് അറിയിച്ചു.
കലാകാരന്മാര്ക്ക് നല്കിയ അഡ്വാന്‍സ് ഒരിക്കലും തിരിച്ചു കിട്ടില്ല. മാത്രമല്ല മറ്റ് ഒരുക്കങ്ങള്‍ എല്ലാം തുടങ്ങിക്കഴിഞ്ഞതിനിടയിലാണ് അപ്രതീക്ഷിതമായി നിയന്ത്രണം വന്നത്.
ഡിന്നറും മറ്റും ബുക്ക് ചെയ്തിരുന്നവര്‍ എല്ലാം റദ്ദ് ചെയ്തു. ഇപ്പോള്‍ നഷ്ടത്തിന്റെ കണക്കുകള്‍ നോക്കി തലയില്‍ കൈവെച്ചിരിക്കുകയാണ് ബീച്ചുകളിലെ സംരംഭകര്‍ .