നമ്മുടെ ഈ ലോകത്ത് പല മതങ്ങളും വിവിധ വിശ്വാസങ്ങളുമൊക്കെയുണ്ടല്ലൊ. ഇവയിലൊക്കെ ചില ചടങ്ങുകളും ആചാരങ്ങളും ഉണ്ട്.
ഇവയിലൊക്കെ വിശ്വസിക്കാനൊ വിശ്വസിക്കാതിരിക്കാനൊ ഉള്ള സ്വാതന്ത്ര്യവും എല്ലാവര്‍ക്കുമുണ്ടുതാനും.
എന്നാല്‍ ചിലപ്പോഴെങ്കിലും ചിലര്‍ അന്ധമായ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്താറുണ്ട്. അതിന്റെ അനന്തരഫലം വല്ലാത്ത ഒന്നായിരിക്കും.
അടുത്തിടെ കേരളത്തെ നടുക്കിയ ഇലന്തൂര്‍ ഇരട്ട നരബലിക്കേസ് അത്തരത്തിലൊന്നായിരുന്നല്ലൊ.
ഇപ്പോളിതാ തമിഴ്നാട്ടില്‍ നിന്നുള്ള ഒരു വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഗൃഹപ്രവേശനത്തിന് മുന്‍പ് ഐശ്വര്യം ഉണ്ടാവാനായി പൂവന് കോഴിയെ രക്തബലി നല്കാന് പോയ ആള്‍ക്ക് സംഭവിച്ചതാണത്.
ചെന്നൈ സ്വദേശി രാജേന്ദ്രന് എന്ന എഴുപതുകാരനാണ് മറ്റൊരാളുടെ വീടിന് ഐശ്വര്യം വരാനായി കോഴിയെ ബലി നല്‍കാനായി പോയത്.
എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ 20 അടി താഴ്ചയുള്ള കുഴിലേക്ക് വീണ് ഇയാള്‍ മരിക്കുകയാണുണ്ടായത്.
പല്ലാവരത്തിനടുത്തുള്ള പൊഴിച്ചാലൂരില് ലോകേഷ് എന്നൊരാള്‍ അടുത്തിടെ നിര്‍മിച്ച മൂന്ന് നിലയുള്ള വീട്ടിലാണ് ഇയാള്‍ കോഴിയുമായി എത്തിയത്. ലോകേഷാണ് രാജേന്ദ്രനോട് കോഴിയെ ബലിയര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി എടുത്ത കുഴിയിലേക്ക് രാജേന്ദ്രന് കാല് വഴുതി വീഴുകയായിരുന്നു.
ഏറെ നേരമായി ഇയാളെ കാണാഞ്ഞിട്ട് നോക്കിയെത്തിയ ലോകേഷിന് കാണാനായത് കുഴിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന രാജേന്ദ്രനെയാണ്. ഇയാള്‍ കൊല്ലാനായി കൊണ്ടുവന്ന കോഴി സമീപത്തായി ഉണ്ടായിരുന്നുതാനും.
രാജേന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവം നെറ്റിസണെ ഞെട്ടിച്ചു.
ഇത്തരം കാര്യങ്ങളില്‍ ആളുകള്‍ കുറച്ചുകൂടി ചിന്തയുള്ളവരാകണം എന്നാണ് പലരും കമന്റുകളില്‍ പറയുന്നത്.