പെരിയ: ജില്ലയില്‍ നാലാമതൊരു പഞ്ചായത്തില്‍ക്കൂടി വനിതാ വികസന പദ്ധതി പ്രകാരം വിതരണം ചെയ്ത മുട്ടക്കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു.
പുല്ലൂര്‍-പെരിയയിലാണ് വിതരണം ചെയ്ത് രണ്ടുദിവസത്തിനകം കോഴികള്‍ക്ക് രോഗബാധ പ്രത്യക്ഷപ്പെട്ടത്.
മറ്റിടങ്ങളിലേതുപോലെ ഇവിടെയും രോഗബാധ മറ്റു കോഴികളിലേക്ക് പടരാന്‍ തുടങ്ങിയിട്ടുണ്ട്.
ഈസ്റ്റ് എളേരി, മുളിയാര്‍, ചെങ്കള പഞ്ചായത്തുകളിലാണ് നേരത്തേ മുട്ടക്കോഴി വിതരണം രോഗബാധയ്ക്കും കൂട്ടമരണത്തിനും വഴിതെളിച്ചത്.
ഒന്നിന് 60 രൂപ നിരക്കില്‍ നാലായിരത്തോളം കോഴികളെയാണ് പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ വിതരണം ചെയ്തത്. ആദ്യഘട്ടത്തില്‍ വിതരണം ചെയ്ത കോഴികള്‍ക്ക് രോഗബാധയുണ്ടായിരുന്നില്ല.
ഒരാഴ്ച മുമ്പ് രണ്ടാംഘട്ടത്തില്‍ നല്കിയ കോഴികള്‍ക്കാണ് രോഗം പ്രത്യക്ഷപ്പെട്ടത്.
താളിക്കുണ്ടിലെ തങ്കമണിയുടെ വീട്ടില്‍ പഞ്ചായത്തില്‍നിന്നും ലഭിച്ച കോഴികളില്‍നിന്ന് രോഗം പടര്‍ന്ന് നേരത്തേയുണ്ടായിരുന്ന എട്ട് മുട്ടക്കോഴികളാണ് ചത്തൊടുങ്ങിയത്.
മറ്റു പലരും പഞ്ചായത്തില്‍നിന്നും വാങ്ങിയ കോഴികളെല്ലാം ഇതിനകംതന്നെ രോഗം ബാധിച്ച് ചത്തു.
പ്രതിരോധ കുത്തിവയ്പ്പെടുത്ത കോഴികളെയാണ് വിതരണം ചെയ്തതെന്ന് അധികൃതര്‍ പറയുമ്പോഴും രോഗബാധ ഉണ്ടായതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ല.
രോഗബാധയുള്ള കോഴികളെ എത്തിക്കാനിടയായതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും നഷ്ടപ്പെട്ടവയ്ക്ക് പകരം കോഴികളെ നല്‍കണമെന്നും നേരത്തേയുണ്ടായിരുന്ന കോഴികളെ നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.