പച്ചപ്പട്ടു വിരിച്ച മൂന്നാറിലെ മൊട്ടക്കുന്നിനു മുകളിൽ അനശ്വരപ്രണയത്തിന്റെ കഥ പറയുന്ന ഒരു ശവകുടീരമുണ്ട്. മൂന്നാറിലെ സിഎസ്ഐ ദേവാലയത്തിനു സമീപമുള്ള കുന്നിലാണ് ഈ ശവകുടീരം. ബ്രിട്ടിഷ് അധീനതയിലായിരുന്ന മൂന്നാറിലെ തേയിലത്തോട്ടത്തിന്റെ മാനേജരായിരുന്ന ഹെൻട്രി മാൻസ് ഫീൽഡ് നൈറ്റ് ഹെൻട്രിയുടെ ഭാര്യ എലേനർ ഇസബെല്ലയുടേതാണ് ഈ ശവകുടീരം.
ഇംഗ്ലണ്ടിലെ ബ്യൂഫോർട്ട് ബ്രാബേസണ് പ്രഭുവിന്റെ മകളായിരുന്ന ഇസബെല്ലയും ഹെൻട്രിയുമായി പ്രണയത്തിലായിരുന്നു. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ ഇവർ വിവാഹിതരായി.
1894 ഡിസംബറിലെ മരംകോച്ചുന്ന തണുപ്പിൽ മധുവിധു ആഘോഷിക്കാനായി ഇവർ മൂന്നാറിലെത്തി.
മധുവിധു ആഘോഷവേളയിൽ ആർദ്രമായ മഞ്ഞിൻകണങ്ങളുടെ വശ്യതയിൽ തന്റെ പ്രിയതമന്റെ തോളിൽ തലചായ്ച്ചുകൊണ്ട് എലേനർ ഇങ്ങനെ പറഞ്ഞു – പ്രിയപ്പെട്ട ഹെൻട്രി, എത്ര സുന്ദരമാണീ പ്രദേശം. ഇതാണ് ഭൂമിയിലെ സ്വർഗം. ഞാൻ മരിച്ചാൽ ഈ സ്വപ്ന ഭൂമിയിൽ എന്നെ മറവുചെയ്യണം.
ഹെൻട്രി തമാശയായയാണ് അതു കേട്ടത്. എന്നാൽ, പിറ്റേദിവസമായ ക്രിസ്മസ് തലേന്ന് എലേനർ കോളറ ബാധിച്ച് മരണമടഞ്ഞു. പ്രിയതമയുടെ ആഗ്രഹപ്രകാരം ഹെൻട്രിയും സഹപ്രവർത്തകരും ചേർന്ന് മൃതദേഹം മൂന്നാറിന്റെ കുന്നിൻമുകളിൽ അടക്കംചെയ്യുകയും പ്രണയത്തിന്റെ സ്മരണയ്ക്കായി ശവകുടീരം നിർമിക്കുകയും ചെയ്തു.
പിന്നീട് നിരവധി ഇംഗ്ലീഷുകാരെ ഈ കുന്നിൻമുകളിൽ അടക്കംചെയ്തു. അങ്ങനെ പള്ളി ഉണ്ടാകുന്നതിനു മുന്പേ ഇവിടെ സെമിത്തേരി നിർമിക്കപ്പെട്ടു.
1910-ലാണ് സ്കോട്ടിഷ് മാതൃകയിൽ ഇവിടെ പള്ളി നിർമിച്ച് ആരാധന ആരംഭിച്ചത്. 1990-ൽ ഇവിടെ സെമിത്തേരി ആശീർവദിക്കപ്പെട്ടപ്പോൾ രജിസ്റ്ററിലെ ആദ്യ പേര് എലേനർ ഇസബെല്ലിന്റേതായി.