കാസര്‍ഗോഡ്: മൈസൂരുവില്‍ നിന്നും നാട്ടിലേക്ക് വരികയായിരുന്ന മലയാളി വൈദികനെയും ബന്ധുവിനെയും പട്ടാപ്പകല്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നു.
ഇന്നലെ ഉച്ചയോടെ മടിക്കേരിക്കും സുള്ള്യയ്ക്കുമിടയിലെ വനമേഖലയില്‍ വച്ച് തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തിയ സംഘം ഇവര്‍ സഞ്ചരിച്ച കാർ തടഞ്ഞുനിര്‍ത്തി അക്രമിസംഘമെത്തിയ വാഹനത്തിൽ ബലമായി പിടിച്ചു കയറ്റുകയായിരുന്നു.
മണിക്കൂറുകള്‍ക്കു ശേഷം ഹാസനു സമീപത്തുള്ള ഉള്‍പ്രദേശത്ത് ഇരുവരെയും ഇറക്കിവിടുകയായിരുന്നു.
കൈവശമുണ്ടായിരുന്ന 40,000 രൂപയോളം അക്രമിസംഘം കൈക്കലാക്കി. ഇവരുടെ കാറിന്റെ ഗ്ലാസ് തകര്‍ക്കുകയും അകത്തുണ്ടായിരുന്ന സാധനങ്ങള്‍ വലിച്ചുവാരിയിടുകയും ചെയ്തിട്ടുണ്ട്.
മൈസൂരുവില്‍ നിന്നും കാസര്‍ഗോഡ് ജില്ലയിലെ പെരിയാട്ടടുക്കത്തേക്ക് സ്ഥലംമാറ്റം ലഭിച്ചു വരികയായിരുന്ന വെള്ളരിക്കുണ്ട് സ്വദേശിയായ ഫാ. ഡൊമിനിക്, ബന്ധു ടോമി ഐസക് എന്നിവരാണ് പട്ടാപ്പകല്‍ ആക്രമണത്തിനും കവര്‍ച്ചയ്ക്കും ഇരയായത്.
ഇന്നലെ രാവിലെ എട്ടിനാണ് ഇവര്‍ മൈസൂരുവില്‍ നിന്നും കാറില്‍ യാത്ര പുറപ്പെട്ടത്. കുടക് ജില്ലയിലെ മടിക്കേരി പിന്നിട്ട് സുള്ള്യയില്‍ എത്തുന്നതിനു മുമ്പുള്ള വനമേഖലയില്‍ വച്ചാണ് തമിഴ്നാട് രജിസ്ട്രേഷന് വാഹനം ഇവരുടെ കാറിനെ മറികടന്നത്.
വാഹനം മുന്നില്‍ നിര്‍ത്തി ഇവരുടെ കാറിനെ തടയുകയും കാറിന്റെ വശങ്ങളിലെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നുവെന്ന് ടോമി പറഞ്ഞു. അക്രമിസംഘത്തിലെ എല്ലാവരും മാസ്ക് ധരിച്ചിരുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിനു മുമ്പു തന്നെ കാറിന്റെ വാതില്‍ വലിച്ചുതുറന്ന് വൈദികനേയും ടോമിയേയും വലിച്ചിറക്കി.
വൈദികനെ മുന്നിലെ വാഹനത്തിലും ടോമിയെ തൊട്ടുപിന്നാലെ വന്ന മറ്റൊരു വാഹനത്തിലും കയറ്റി. ഇരുവരെയും മുഖംമൂടി ധരിപ്പിച്ചു.
വാഹനത്തിലുണ്ടായിരുന്നവര്‍ പരസ്പരം മലയാളത്തിലും മറ്റുള്ളവരെ ഫോണില്‍ വിളിക്കുമ്പോള്‍ തമിഴിലുമാണ് സംസാരിച്ചിരുന്നത്.
വൈദികനോടും ടോമിയോടും എന്തൊക്കെയോ സംസാരിച്ചെങ്കിലും ഒന്നും മനസ്സിലായില്ല.
മണിക്കൂറുകള്‍ക്കു ശേഷം ഇരുവരെയും മറ്റൊരു വാഹനത്തിലേക്ക് മാറ്റുകയും തുടര്‍ന്ന് റോഡരികില്‍ ഇറക്കിവിടുകയുമായിരുന്നു.
ഇവരുടെ കാറും അടുത്തുതന്നെ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. അടുത്തുചെന്നു നോക്കിയപ്പോള്‍ ഗ്ലാസുകള്‍ തകര്‍ത്തതും അകത്തെ സാധനങ്ങള്‍ വലിച്ചുവാരിയിട്ടതും കണ്ടു.
തുടര്‍ന്ന് ഇരുവരും അടുത്തുള്ള ഹിരിസാവെ എന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
സംഭവം നടന്നത് മടിക്കേരിക്ക് സമീപത്തുവച്ചായതിനാല് അവിടെ ചെന്ന് പരാതി നല്കാന് ആവശ്യപ്പെട്ട് തുടക്കത്തില്‍ പോലീസ് ഇവരെ മടക്കി.
ഒപ്പം ഒരു പോലീസുകാരനെയും അയച്ചു. കുറച്ചുദൂരം സഞ്ചരിച്ചുകഴിഞ്ഞപ്പോള്‍ വീണ്ടും തിരികെ വിളിച്ചാണ് അവിടെ തന്നെ പരാതി സ്വീകരിച്ചത്.
അപ്പോഴേക്കും സമയം രാത്രിയായിക്കഴിഞ്ഞിരുന്നു. ഇപ്പോഴും ഹിരിസാവെയില് തന്നെയാണ് ഉള്ളതെന്നും പോലീസിന്റെ കൂടുതല്‍ തെളിവെടുപ്പുകള്‍ക്കും നടപടികള്‍ക്കുമായി കാത്തുനില്‍ക്കുകയാണെന്നും ടോമി രാഷ്ട്രദീപികയോട് പറഞ്ഞു.
രാത്രികാലങ്ങളില്‍ അയല്‍സംസ്ഥാനങ്ങളിലെ വിജനമായ റോഡുകളില്‍ വച്ച് മലയാളികളുടെ വാഹനങ്ങളെ മനപൂര്‍വം അപകടത്തിലാക്കുന്നതും കവർച്ച നടത്തുന്നതുമായുള്ള പരാതികൾ നേരത്തെയും ഉയർന്നിരുന്നുവെങ്കിലും പട്ടാപ്പകല്‍ ഇത്തരമൊരു ആക്രമണവും തട്ടിക്കൊണ്ടുപോകലും ഉണ്ടാകുന്നത് ആദ്യമായാണ്.
കാറില്‍ കൂടുതല്‍ പണമുണ്ടാകുമെന്ന കണക്കുകൂട്ടലിലാകാം പിന്തുടര്ന്ന് ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്.