കൊലപാതകം നടത്തിയിട്ട് ഒളിവിൽ കഴിയുകയെന്നത് ബുദ്ധിമുട്ടാണ്. എന്നാൽ ഇപ്പോഴും തെളിയിക്കപ്പെടാതെ കിടക്കുന്ന നിരവധി കൊലപാതക്കേസുകളുണ്ട്.
ഈ കേസുകളിലെ പ്രതികൾ ഒളിഞ്ഞും തെളിഞ്ഞും കഴിയുന്നുമുണ്ട്. എന്നാൽ ലണ്ടനിൽ ഇപ്പോൾ വിചാരണ നടക്കുന്ന കൊലപാതകക്കേസ് ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. കൊലപാതകം നടത്തി മൂന്നു വർഷം മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കൊലയാളി. രണ്ടു പേരെയാണ് കൊന്നത്. മൃതദേഹം സൂക്ഷിച്ചിരുന്നത് സ്വന്തം ഫ്ലാറ്റിലും!
സാഹിദ് യൂനിസാണ് കഥയിലെ വില്ലൻ. മുപ്പത്തിനാലുകാരിയായ ഹെൻറിയറ്റ് സുക്സ് മൂന്നു കുട്ടികളുടെ അമ്മയായ മിഹ്രിക്കൻ മുസ്തഫ (38) എന്നിവരാണ് കൊല്ലപ്പെട്ടത്. 2016 മേയിലാണ് ഇവരെ കാണാതായതായി പോലീസിൽ പരാതി ലഭിക്കുന്നത്.
കേസ് കാര്യമായി അന്വേഷിച്ചെങ്കിലും പോലീസിന് യാതൊരു തെളിവും ലഭിച്ചില്ല. ഇങ്ങനെയിരിക്കെയാണ് 2019 ഏപ്രിലിൽ ഒരു ഇലക്ട്രീഷന്റെ വിളി പോലീസിനെത്തേടി എത്തുന്നത്. അയാൾ വൈദ്യൂതി ശരിയാക്കാൻ പോയ ഫ്ലാറ്റിൽ അസാധാരണമായ ദുർഗന്ധമെന്നായിരുന്നു നൽകിയ വിവരം.
പോലീസ് ഫ്ലാറ്റിലെത്തി നടത്തിയ അന്വേഷണത്തിലാണ് ഫ്രീസറിൽ നിന്ന് രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു വർഷമായി മൃതദേഹങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നെന്നാണ് പോലീസ്് കണ്ടെത്തിയത്. മാത്രമല്ല ദുർഗന്ധം പുറത്തറിയാതിരിക്കാൻ പെർഫ്യൂമും ഉപയോഗിച്ചിരുന്നു. ബില്ല് അടയ്ക്കാത്തതിനെത്തുടർന്ന് വൈദ്യൂതി വിഛേദിച്ചതാണ് സാഹിദിന് വിനയായത്.
ഇതോടെ വൈദ്യൂതി നന്നാക്കാൻ എത്തിയ ആൾ ഫ്രീസറിനു ചുറ്റും പെർഫ്യൂ സ്പ്രേ ചെയ്യുന്നത് ശ്രദ്ധിക്കുകയായിരുന്നു. കേസിൽ വിചിത്രമെന്തന്നാൽ കൊല്ലപ്പെട്ട രണ്ടു പേർക്കും പരസ്പര ബന്ധമില്ല എന്നതാണ്. മാത്രമല്ല ഇവരെ സാഹിദ് കൊല്ലാനുള്ള കാരണവും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. കേസിൽ കോടതിയിൽ വിചാരണ തുടരുകയാണ്.