ഹെപ്പറ്റൈറ്റിസ് ഡി രോഗത്തിന് ഡെൽറ്റ ഹെപ്പറ്റൈറ്റിസ്് എന്നും പറയും. വൈറസ് ബാധയുള്ള രക്തം വഴിയാണ് രോഗവ്യാപനം.
മറ്റ് ഹെപ്പറ്റൈറ്റിസ് ഇനങ്ങളുമായി താരതമ്യം ചെയ്യുന്പോൾ അത്ര സാധാരണമല്ല എന്നൊരു പ്രത്യേകതയുണ്ട്. ഹെപ്പറ്റൈറ്റിസ് ബി ഉള്ളവരിലാണ് ഡി വൈറസിന്റെ ആക്രമണമുണ്ടാകുന്നത് എന്നത് ഒരു കൗതുകമാണ്.
ബി വൈറസിന്റെ സാന്നിധ്യമില്ലാതെ ഹെപ്പറ്റൈറ്റിസ് ഡി വൈറസിന് പെരുകാൻ സാധ്യമല്ലെന്ന് മനസ്സിലാക്കുക.
മദ്യപാനം
വൈറസ് ബാധ കാരണമല്ലാതെ സംഭവിക്കുന്ന ഹെപ്പറ്റൈറ്റിസിനെ നോണ്‍ ഇൻഫെക്ഷിയസ് ഹെപ്പറ്റൈറ്റിസ് എന്നു വിളിക്കാം.
അമിത മദ്യപാനം കരൾ ദ്രവീകരണത്തിനും ലിവർ ഹെപ്പറ്റൈറ്റിസിനും കാരണമാകാം (ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്്). മദ്യപാനം കരൾ കോശങ്ങളെ നേരിട്ട് നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ പൂർണമായും തകരാറിലാക്കുകയും ചെയ്യും.
മരുന്ന് അമിതമായാൽ
വീര്യമേറിയ ഒൗഷധങ്ങളുടെ അമിതമോ തുടർച്ചയായതോ ആയ ഉപയോഗമാണ് വൈറസ് ബാധ കാരണമല്ലാത്ത ഹെപ്പറ്റൈറ്റിസിന് മറ്റൊരു കാരണം.
ഗുരുതരമായ ധാരണപ്പിശക്!
ഓട്ടോ ഇമ്മ്യൂണ്‍ സിസ്റ്റം റെസ്പോണ്‍സ് എന്നൊരു അസാധാരണ സാഹചര്യം കൂടി ഹെപ്പറ്റൈറ്റിസുമായി ബന്ധപ്പെട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയ്ക്കു സംഭവിക്കുന്ന ഗുരുതരമായ ഒരു ധാരണപ്പിശകാണ് ഇതിനു വഴിവയ്ക്കുന്നത്.
കരളിനെ അപകടകാരിയായ ഏതോ ബാഹ്യവസ്തുവായി കണ്ട്, അതിനെതിരെ ആന്റിബോഡികൾ ഉത്പാദിപ്പിച്ച് ആക്രമണം നടത്തുകയാണ് ഈ സാഹചര്യത്തിൽ ശരീരം ചെയ്യുക. സ്ത്രീകളിലാണ് ഈ സാഹചര്യം അധികം പ്രത്യക്ഷപ്പെടുക എന്നൊരു പ്രത്യേകതയും ഉണ്ട്.
ഒളിച്ചിരിക്കുന്ന ഭീകരന്മാർ
ഗുരുതരസ്വഭാവമുള്ള ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുടെ കാര്യത്തിൽ, രോഗത്തിന്റെ പ്രാരംഭദശയിൽ പ്രകടമായ ലക്ഷണങ്ങളൊന്നും ഉണ്ടാകണമെന്നില്ല.
രോഗം തീവ്രമായി, കരളിന്റെ പ്രവർത്തനത്തെ ബാധിച്ചുതുടങ്ങുന്പോഴായിരിക്കും ഇത് ശ്രദ്ധയിൽപ്പെടുക. ഫ്ളൂവിന് സമാനമായ അവസ്ഥയ്ക്കു പുറമേ, ഇരുണ്ട നിറത്തിൽ മൂത്രം പോവുക, മലത്തിന് മഞ്ഞനിറം നഷ്ടമാവുക, അടിവയറ്റിൽ വേദന അനുഭവപ്പെടുക, വിശപ്പില്ലായ്മ, അകാരണമായി ശരീരഭാരം കുറയുക, ചർമ്മത്തിലും കണ്ണുകളിലും മഞ്ഞനിറം ബാധിക്കുക (ഇത് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാകാം) എന്നിവയാണ് അക്യൂട്ട് ഹെപ്പറ്റൈറ്റിസിന്റെ സാധാരണ ലക്ഷണങ്ങൾ.
ക്രോണിക് ഹെപ്പറ്റൈറ്റിസ്
ദീർഘകാലം നീണ്ടുനിൽക്കുന്ന ക്രോണിക് ഹെപ്പറ്റൈറ്റിസ്് ഗുരുതരസ്വഭാവം കൈവരിക്കുന്നത് പതിയെപ്പതിയെ ആണ്. അതിന്റെ ലക്ഷണങ്ങളും പതിയെ മാത്രമേ പുറത്തുവരികയുള്ളൂ.
പരിശോധനകൾ
ശാരീരിക പരിശോധന, ലിവർ ഫങ്ഷൻ ടെസ്റ്റ്, മറ്റ് രക്തപരിശോധനകൾ, അൾട്രാസൗണ്ട് സ്കാൻ തുടങ്ങിയവയാണ് ഹെപ്പറ്റൈറ്റിസ് നിർണയിക്കാനുള്ള പരിശോധനകൾ.
സങ്കീർണതകൾ ലിവർ കാൻസർ ആയി മാറിയിട്ടുണ്ടോ എന്നറിയാൻ ബയോപ്സി നടത്തേണ്ടിവരും. ഗുരുതരമായ ക്രോണിക് ഹെപ്പറ്റൈറ്റിസ്് സിയുടെ കാര്യത്തിൽ ചികിത്സ സങ്കീർണമാണ്. കരൾ ശസ്ത്രക്രിയയോ കരൾ മാറ്റിവയ്ക്കുകയോ വേണ്ടിവന്നേക്കും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ബൈജു സേനാധിപൻ
ഡയറക്ടർ; ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ, ഡിസീസസ് ആൻഡ്
ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം സണ്‍റൈസ് ഹോസ്പിറ്റൽ
കാക്കനാട്, കൊച്ചി മൊബൈൽ: 97464 6644