ശരീരത്തിന്റെ ശുദ്ധീകരണശാലയായ കരളിനെ ബാധിക്കുന്ന ഗുരതരമായ രോഗങ്ങളിലൊന്നാണ് ഹൈപ്പറ്റൈറ്റിസ്. പല കാരണങ്ങൾ കൊണ്ട് ഹൈപ്പറ്റൈറ്റിസ് ബാധിക്കാമെങ്കിലും പൊതുവെ ഇതൊരു വൈറസ് രോഗമാണെന്നു പറയാം.
അമിത മദ്യപാനം, ചിലയിനം മരുന്നുകളുടെ ഉപയോഗം, വിഷബാധ എന്നിവയ്ക്കു പുറമേ കരൾകോശങ്ങൾക്ക് എതിരെ ശരീരം ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നതും ഹൈപ്പറ്റൈറ്റിസിന് വഴിവയ്ക്കുന്ന സാഹചര്യങ്ങളാണ്.
കൃത്യമായ രോഗനിർണയത്തിലൂടെ ഹൈപ്പറ്റൈറ്റിസ് യഥാസമയം കണ്ടുപിടക്കപ്പെടാതിരിക്കുകയോ, രോഗബാധ തിരിച്ചറിഞ്ഞാലും ചികിത്സ സ്വീകരിക്കാൻ വൈകുകയോ ചെയ്താൽ ഗുരുതരമായ കരൾ കാൻസറിനു പോലും ഹൈപ്പറൈറററിസ് വഴിവച്ചേക്കാം.
കരൾ
ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളിൽ ജീവൽപ്രധാന പങ്കു വഹിക്കുന്ന അവയവമാണ് കരൾ. ദഹനരസങ്ങളിലൊന്നായ ബൈൽ ദ്രാവകം ഉത്പാദിപ്പിക്കുന്നതും, ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്ന വിഷാംശത്തെ അരിച്ച് അപകടം ഒഴിവാക്കുന്നതും കരളാണ്.
ആയു്സു തീർന്ന ചുവപ്പു രക്തകോശങ്ങളിൽ നിന്നുള്ള ബിലിറൂബിൻ എന്ന ഘടകത്തെ പുറന്തള്ളന്നതും, അന്നജം, കൊഴുപ്പ്, പ്രോട്ടീനുകൾ എന്നിവയെ വിഘടിപ്പിക്കുന്നതും കരൾ തന്നെ.
ശാരീരിക പ്രവർത്തനങ്ങളെ സന്തുലിതമായി നിലനിർത്തുന്നതിന് ആവശ്യമായ ആഗ്നേയരസങ്ങളെ ഉദ്ദീപിപ്പിക്കുന്നതും ഗ്ലൈക്കോജൻ, ധാതുക്കൾ, വിവിധ ഇനം വിറ്റാമിനുകൾ എന്നിവ സംഭരിക്കപ്പെടുന്നതും മറ്റെങ്ങുമല്ല!
ഹെപ്പറ്റൈറ്റിസ് എത്രവിധം?
ഏറെ സുപ്രധാന ജോലികൾ നിർവഹിക്കുന്ന കരളിനെ ബാധിക്കുന്ന ഏതു രോഗവും ശാരീരികപ്രവർത്തനങ്ങളെ മുഴുവനായും ബാധിക്കുമെന്ന് അർത്ഥം. അത്തരം രോഗങ്ങളിൽ ഏറ്റവും പ്രധാനമാണ് ഹെപ്പറ്റൈറ്റിസ്.
അഞ്ചു തരം വൈറസുകൾ കാരണമായ അഞ്ച് ഇനം ഹെപ്പറ്റൈറ്റിസുകളുണ്ട്. ഹെപ്പറ്റൈറ്റിസ് എ, ബി, സി. ഡി. ഇ എന്നിവയാണ് ഇവ.
മലിനജലത്തിലൂടെ പകരുമോ?
ഹെപ്പറ്റൈറ്റിസ്് എ, ഇ എന്നിവ മലിനജലത്തിലൂടെയോ മാലിന്യം കലർന്ന ഭക്ഷ്യവസ്തുക്കളിലൂടെയോ പകരുന്നവയാണ്. ശുചീകരണജോലികൾ കാര്യക്ഷമമായി നിർവഹിക്കപ്പെടാത്ത പ്രദേശങ്ങളിൽ സ്വാഭാവികമായും ഈ രണ്ടിനം ഹെപ്പറ്റൈറ്റിസുകളും വ്യാപകമായി കാണാം.
ശരീരസ്രവങ്ങളിലൂടെയും കുത്തിവയ്പിലൂടെയും
ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ ഇനങ്ങളാണ് കൂട്ടത്തിലെ ഭീകരന്മാർ. രണ്ടും ലൈംഗിക ബന്ധത്തിലൂടെ പകരും എന്നത് സ്ഥിതി സങ്കീർണമാക്കുന്നു.
രക്തം, ലൈംഗികാവയവങ്ങളിൽ നിന്നുള്ള സ്രവങ്ങൾ എന്നിവ വഴി ഹെപ്പറ്റൈറ്റിസ്് ബി വൈറസ് മറ്റൊരാളിലേക്കു പകരാം. ലഹരിപദാർത്ഥങ്ങൾ കുത്തിവയ്ക്കുന്നവരിൽ രോഗബാധയുള്ള വ്യക്തിയിൽ നിന്ന് സിറിഞ്ചിലൂടെ രോഗം മറ്റൊരാളിലേക്കു പകർന്നേക്കും.
രോഗബാധയുള്ള വ്യക്തി ഉപയോഗിച്ച ഷേവിംഗ് റേസർ പങ്കുവയ്ക്കുന്നതാണ് രോഗം പകരാനുള്ള മറ്റൊരു സാഹചര്യം. അമേരിക്കയിൽ,രക്തജന്യ വൈറസ് രോഗങ്ങളിൽ ഏറ്റവും വ്യാപകമായുള്ളത് ഹെപ്പറ്റൈറ്റിസ്് ബി, സി എന്നീ ഇനങ്ങളാണ്.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്: ഡോ. ബൈജു സേനാധിപൻ
ഡയറക്ടർ; ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ, ഡിസീസസ് ആൻഡ്
ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം സണ്റൈസ് ഹോസ്പിറ്റൽ
കാക്കനാട്, കൊച്ചി മൊബൈൽ: 97464 6644