പലരോഗങ്ങള്‍ക്കുമുള്ള മരുന്നായാണ് ഹെര്‍ബല്‍ ചായയെ കരുതി വന്നിരുന്നത്. കാപ്പി, തേയില, കൊക്കോ എന്നിവയ്ക്കൊക്കെ പകരമായി ഇത് ഉപയോഗിച്ചിരുന്നു. കഴിഞ്ഞ രണ്ടുനൂറ്റാണ്ടുകാലമായി ഹെര്‍ബല്‍ ടീയുടെ ഉപയോഗം വളരെയധികം വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഹെര്‍ബല്‍ ടീ എന്ന പേരില്‍ നിരവധി വസ്തുക്കള്‍ ഇന്ന് ലോകത്ത് കിട്ടാനുണ്ട്. പക്ഷേ അവയൊന്നും തേയിലയല്ലെന്നതാണ് പ്രശ്നം. ഹെര്‍ബല്‍ ടീ കുടിച്ചാല്‍ മരണം വരെ സംഭവിക്കാമെന്നാണ് കാലിഫോര്‍ണിയയിലെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നത്. ചിലയിനം ചെടികളില്‍ കാണുന്ന അക്കോണൈറ്റ് എന്ന വിഷവസ്തുവാണ് വില്ലന്‍.
മങ്ക്സ് ഹുഡ്, ഹെല്‍മറ്റ് ഫ്ളവര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചെടിയുടെ പേരും അക്കോണൈറ്റ് എന്ന് തന്നെ. ചൈനയില്‍ വേദനാ സംഹാരിയായി ഇതുപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് നേരിട്ട് അകത്ത് ചെന്നാല്‍ വലിയ വിഷമായി മാറുവാന്‍ സാധ്യതയും ഉണ്ട്. വത്സനാഭി എന്ന പേരില്‍ ഇത് ഇന്ത്യയിലും ലഭ്യമാണ്.
ഇന്ന് ഹെര്‍ബല്‍ ടീ എന്നത് ഒരു വമ്പന്‍ വ്യവസായമാണ്. ഓരോ രാജ്യത്തിലും അവരുടെ പച്ച മരുന്നുകള്‍ ചേര്‍ത്ത് പുതിയതരം ഹെര്‍ബല്‍ ടീ ഉണ്ടാക്കുന്നു. അവയില്‍ തേയില ഉണ്ടാകാറുമുണ്ട്. ഗ്രീന്‍ ടീയില്‍ തുളസിയും മുല്ലപ്പൂവുമൊക്കെ ചേര്‍ത്തുള്ള ഹെര്‍ബല്‍ ടീകള്‍ ഇന്ന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സുലഭമാണ്. ചിലപ്പോള്‍ ചൈനയില്‍ നിന്ന് നേരിട്ട് വരാറുള്ള ഹെര്‍ബല്‍ ടീയും ലഭ്യമാണ്.
നാട്ടുവൈദ്യം, ആയുര്‍വേദം, ഹോമിയോപ്പതി എന്നിവയിലും ഇതുപയോഗിച്ചു വരുന്നു. കേരളത്തില്‍ വയനാട്ടിലും മൂന്നാറിലും ഇവ കാണപ്പെടുന്നുണ്ട്. സണ്‍ വിങ് വോ എന്ന പേരിലുള്ള വിപണന കേന്ദ്രത്തില്‍ നിന്നുകിട്ടുന്ന ഇലകള്‍ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അത് നശിപ്പിച്ചു കളയണമെന്നാണ് സാന്‍ഫ്രന്‍സിസ്കോ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.