കാലവർഷക്കെടുതിയിൽ ദുരിതമായ് മാറിയ കേരളത്തിന് സഹായമായി ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും സഹായഹസ്തങ്ങളെത്തിയിരുന്നു. എന്നാൽ ഏവരുടെയും കണ്ണുടക്കിയത് തമിഴ്നാട്ടിലെ വില്ലുപുരം സ്വദേശിനിയായ അനുപ്രിയ എന്ന ബാലിക ഒരു സൈക്കിൾ വാങ്ങിക്കുവാൻ താൻ സ്വരുക്കൂട്ടിയ പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായ് നൽകിയ വാർത്തയായിരുന്നു.
തന്റെ നാലുവർഷത്തെ സമ്പാദ്യമായ ഒമ്പതിനായിരം രൂപയാണ് അനുപ്രിയ കേരളത്തിനായി നൽകിയത്. അനുപ്രിയയെ കുറിച്ചുള്ള വാർത്തകൾ വൈറലായതിനെ തുടർന്ന് ഈ കുട്ടിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് ധാരാളമാളുകൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത അനുപ്രിയക്ക് ഒരു സൈക്കിൾ സമ്മാനമായി നൽകിയിരിക്കുകയാണ് സൈക്കിൾ നിർമാതാക്കളായ ഹീറോ സൈക്കിൾസ്.
കൂടാതെ അനുപ്രിയ സംഭാവനയായി നൽകിയ ഒമ്പതിനായിരം രൂപയും കുട്ടിക്ക് തിരികെ നൽകുവാൻ ഹീറോ സൈക്കിളിന്റെ അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ അനുപ്രിയയുടെ പിതാവ് ഈ വാഗ്ദാനം നിരാകരിക്കുകയായിരുന്നു.