കൈപിടിക്കാതെ എന്തെങ്കിലും തലയില്‍ വച്ച് കൊണ്ട് കൂളായി നടന്നു പോകുന്ന മനുഷ്യരെ കണ്ടിട്ടില്ലേ. ഇത്തരത്തില്‍ എന്ത് കിട്ടിയാലും അതെത്ര ഭാരം കുറഞ്ഞതോ കൂടിയതോ ആകട്ടെ തലയില്‍ ബാലന്‍സ് ചെയ്തു പിടിക്കാന്‍ മിടുമിടുക്കനായ ഒരു പട്ടിക്കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ഹാര്‍ലി എന്ന വിളിപ്പേരുള്ള ഡക്സ്ഹുണ്ട് ഇനത്തില്‍പ്പെട്ട നായയാണ് തന്റെ അപൂര്‍വ്വ പ്രകടനത്തിലൂടെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. നീണ്ട ശരീരവും കുറിയ കാലുകളുമാണ് ഈ ഇനത്തില്‍പ്പെട്ട നായകളുടെ പ്രത്യേകത.
വെറും തുണ്ടു കടലാസ് മുതല്‍ ഒരു വലിയ പാത്രം വരെ എന്ത് സാധനമായാലും അത് തലയില്‍ മികവോടെ ബാലന്‍സ് ചെയ്ത് പിടിക്കാന്‍ ഹാര്‍ലിക്ക് സാധിക്കും. ഹാര്‍ലിയുടെ പ്രകടനങ്ങളുടെ ഫോട്ടോ ഉടമസ്ഥരായ ജെന്‍ സ്കോട്ടും കാമുകന് പോള്‍ ലാവെറിയും ചേര്‍ന്നാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. ഇതോടെ ഹാര്‍ലിക്ക് ധാരാളം ആരാധകരെയും കിട്ടി. ഇഷ്ട ഭക്ഷണം കിട്ടാനായിട്ടാണ് ഹാര്‍ലി ഈ പരിപാടി തുടങ്ങിയത്. പിന്നീടാണ് ഇതവനു മാത്രം ഉള്ള ഒരു കഴിവാണെന്നു മനസിലായത്. തലയുടെ ഘടനയിലുള്ള പ്രത്യേകതയാണ് ബാലന്‍സിംഗിന് ഹാര്‍ലിയെ സഹായിക്കുന്നത്. ഹാര്‍ലി വളരെയധികം ആസ്വദിച്ചാണ് ഇത് ചെയ്യുന്നതെന്ന് ഉടമസ്ഥരായ ജെന്നും പോളും പറയുന്നു.