കൊച്ചി: ലഹരിമരുന്നു മാഫിയ സംഘം മുക്കിയ കപ്പലിലെ മയക്കുമരുന്ന് തീരത്ത് അടിഞ്ഞതിനെത്തുടര്‍ന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ വന്‍ രാസ ലഹരി വേട്ട. കസ്റ്റംസ് പ്രിവന്റീവ് എക്സൈസ് സംയുക്ത പരിശോധനയില്‍ 100 കോടിയുടെ മയക്കുമരുന്നാണ് ബങ്കറില്‍ കണ്ടെത്തി നശിപ്പിച്ചത്.
ജാപ്പനീസ് ബങ്കറില്‍ ഒളിപ്പിച്ച 50 കിലോ മെത്താംഫെറ്റാമിന്‍ സംയുക്ത സംഘം നശിപ്പിച്ചു. പ്രദേശവാസികള്‍ സൂക്ഷിച്ച് രണ്ടര കിലോ മയക്കുമരുന്ന് ഭരണകൂടത്തിന് തിരികെ നല്കി.
പ്രദേശവാസികളിലൊരാള്‍ അറിയാതെ ലഹരിവസ്തു ഉപയോഗിച്ച് ചായ ഉണ്ടാക്കിയത് കുടിച്ച ഒരു സ്ത്രീ മുമ്പ് മരിക്കുകയും ഉണ്ടായി. ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്കിടയിലും എക്സൈസ് സംഘം ബോധവത്കരണം നടത്തുന്നുണ്ട്.
നാലുവര്‍ഷം മുമ്പ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന് സമീപം കടലില്‍ ലഹരിമാഫിയാസംഘം മുക്കിയ കപ്പലില്‍നിന്നുള്ള രാസലഹരിമരുന്ന് കേരളത്തിലേക്ക് കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പരിശോധന നടത്തിയത്.
ദ്വീപില്‍നിന്ന് സ്വകാര്യ കൊറിയര്‍ കമ്പനി മുഖേനയെത്തിച്ച എംഡിഎംഎയുമായി മലപ്പുറം പട്ടര്‍ക്കടവ് സ്വദേശികളായ പഴങ്കരകുഴിയില്‍ നിശാന്ത് (23), മുന്നൂക്കാരന്‍ വീട്ടില്‍ സിറാജുദ്ദീന് (28), കോണാംപാറ സ്വദേശി പുതുശേരി വീട്ടില്‍ റിയാസ് (31) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
ഇവര്‍ക്ക് ആന്‍ഡമാനില്‍ നിന്ന് കൊറിയറില്‍ ലഹരിമരുന്ന് എത്തിച്ചു നല്‍കിയത് മലപ്പുറം ഹാജിയാര്‍പള്ളി സ്വദേശി മുഹമ്മദ് സാബിഖ് (25) ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇയാള്‍ പിടികൂടാനായി എക്സൈസ് സംഘം കഴിഞ്ഞ മാസം ദ്വീപിലേക്ക് പോയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. 2019 സെപ്റ്റംബറില്‍ കാര്‍ നിക്കോബാര്‍ കടല്‍ത്തീരത്തുനിന്ന് കോസ്റ്റ്ഗാര്‍ഡും നാവികസേനയും നടത്തിയ പരിശോധനയില്‍ അന്താരാഷ്ട്ര മാഫിയാ സംഘത്തിലുള്‍പ്പെട്ട മ്യാന്മാര് സ്വദേശികളായ ആറുപേരെ ചെറുകപ്പലില്‍നിന്ന് പിടികൂടിയിരുന്നു.
300 കോടിരൂപ വിലവരുന്ന നിരോധിത രാസലഹരിയായ കെറ്റാമിനും പിടികൂടുകയുണ്ടായി. ഇവര്‍ക്കൊപ്പം മറ്റൊരുസംഘത്തിലുണ്ടായിരുന്നവരുടെ കപ്പല്‍ പിടിയിലാകുമെന്നു മനസിലാക്കിയാണ് കപ്പല്‍ കടലില്‍ മുക്കിക്കളഞ്ഞ് മയക്കുമരുന്ന് സംഘാംഗങ്ങള്‍ രക്ഷപ്പെട്ടത്.
കേസില്‍ കോസ്റ്റ് ഗാര്‍ഡും നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയും (എന്‍സിബി) ആന്‍ഡമാന്‍ പോലീസും പ്രതിരോധമന്ത്രാലയവും സംയുക്തമായി അന്വേഷണം നടത്തിവരുകയാണ്.
അന്ന് കടലില്‍ മുക്കിയ വായു കടക്കാത്ത പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നാണ് തീരത്ത് അടിയുന്നത്. ഇതാണ് വന്‍തോതില്‍ കേരളത്തിലേക്ക് എത്തുന്നത്.