മുക്കം: ഒരു അന്താരാഷട്ര യുവജന ദിനം കൂടി കടന്നു പോയങ്കിലും മുൻ വർഷത്തെ പോലെ തന്നെ ഈ വർഷവും കൊടിയത്തുർ പഞ്ചായത്തിലെ പന്നിക്കോട്ടെ ഒരു പറ്റം യുവാക്കൾ വലിയ നിരാശയിൽ തന്നെയാണ്. നിരവധി സംസ്ഥാന ജില്ലാ താരങ്ങൾക്ക് ജൻമം നൽകിയ ഈ നാടിന് സ്വന്തമായി ഒരു കളിസ്ഥലമെന്നത് ഇപ്പോഴും സ്വപ്നം തന്നെയാണ്.
മാറി മാറി വന്ന സർക്കാരുകളും പഞ്ചായത്ത് ഭരണസമിതികളും ജനപ്രതിനിധികളും വാഗ്ദാനങ്ങൾ നിരവധി നൽകിയെങ്കിലും അതെല്ലാം പാഴ്വാക്കായി മാറി. കളിക്കാനുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രം കിലോമീറ്ററുകൾ കാൽനടയായും ബൈക്കിലുമെല്ലാം യാത്ര ചെയ്താണ് ഇവർ കളിക്കുന്നത്. ക്രിക്കറ്റ്,ഫുട്ബോൾ, ഷട്ടിൽ, ദീർഘദൂര ഓട്ടം, കബഡി, തുടങ്ങിയ ഇനങ്ങളിലെല്ലാം സംസ്ഥാന ജില്ലാ താരങ്ങൾ ഇവിടെയുണ്ട്.
അണ്ടർ 17 ഫുട്ബോൾ കോഴിക്കോട് ജില്ലാ ക്യാപ്റ്റൻ സ്ഥാനം വഹിച്ച ജയേഷ്, സഹകളിക്കാരനായ സുമേഷ്, അഖിലേന്ത്യാ സെവൻസുകളിൽ സ്ഥിര സാന്നിധ്യമായ റഫീഖ് പരപ്പിൽ, വുഡ്ബോൾ സംസ്ഥാന താരം ഷുഹൈബ് പരപ്പിൽ, സംസ്ഥാന കേരളോത്സവത്തിൽ ജില്ലയായി ക്രിക്കറ്റിൽ മത്സരിച്ച ഹീറോസ് ക്ലബ്, ദീർഘദൂര ഓട്ടത്തിലും കബഡി യിലും സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുത്ത ഷഫീഖ്, ഷട്ടിൽ, ഫുട്ബോൾ താരങ്ങളായ സി.പി. വിഷ്ണു, ഇജാസ് പന്നിക്കോട് തുടങ്ങിയ നിരവധി താരങ്ങൾ.
പക്ഷേ, പരിശീലനത്തിനായി സൗകര്യമില്ലന്ന് മാത്രം. നിരവധി തവണ ഗ്രൗണ്ടന്ന ആവശ്യവുമായി പഞ്ചായത്ത് മുതൽ എംഎൽഎ അടക്കമുള്ളവരെ സമീപിച്ചങ്കിലും നിരാശയായിരുന്നു ഫലം. തിരഞ്ഞെടുപ്പ് സമയത്ത് യുവാക്കളുടെ പിന്തുണ നേടുന്നതിനായി ഗ്രൗണ്ട് നൽകുമെന്ന് പറയുന്നവർ വിജയിച്ച് കഴിഞ്ഞാൽ അത് മറക്കും. നിലവിലെ എംഎൽഎയും താൻ വിജയിച്ചാൽ ആദ്യ സംരഭം ഗ്രൗണ്ടാണന്ന് പറഞ്ഞങ്കിലും 2 വർഷമായിട്ടും ഒന്നും നടന്നില്ല. അടുത്ത യുവജന ദിനത്തിലെങ്കിലും തങ്ങൾക്ക് ഒരു ഗ്രൗണ്ട് ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണിവർ.