ഒറ്റപ്പാലം: ദേശീയ ആരോഗ്യമിഷന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ അട്ടപ്പാടിയിൽ പട്ടികവിഭാഗത്തിലെ കൗമാരക്കാർക്കായി നടപ്പാക്കിയ ഹെപ്പറ്റൈറ്റീസ്-ബി പ്രത്യേക പ്രതിരോധപദ്ധതി പാളിയതിനെക്കുറിച്ച് അന്വേഷണം തുടങ്ങി.കെടുകാര്യസ്ഥതയും ജീവനക്കാരുടെ അജ്ഞതയുംമൂലമാണ് പദ്ധതി പരാജയപ്പെട്ടതെന്നാണ് ആക്ഷേപം. ഈ പശ്ചാത്തലത്തിലാണ് പദ്ധതിയുടെ പരാജയവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയത്.
ദേശീയ ബാലാവകാശ കമ്മീഷന്റെ കത്ത് ലഭിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അന്വേഷണം നടക്കുന്നത്. പാലക്കാട് ഡിഎംഒ, അട്ടപ്പാടി ട്രൈബൽ നോഡൽ ഓഫീസർ എന്നിവരോട് ഇതുസംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടത്.ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് മേൽനടപടി സ്വീകരിക്കുമെന്നാണ് സൂചന.
അട്ടപ്പാടിയിലെ ആദിവാസി കുട്ടികൾക്ക് മഞ്ഞപ്പിത്ത രോഗപ്രതിരോധത്തിനായി ഹെപ്പറ്റൈറ്റിസ്-ബി വാക്സിൻ നല്കുന്നതിനു നിർദേശമുണ്ടായിരുന്നു. 2014-ലാണ് അട്ടപ്പാടിയിലെ ഗർഭിണികളിൽ ഹെപ്റ്റൈറ്റിസ്-ബി രോഗം കണ്ടെത്തിയത്. ഇതേ തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ പാലൂര് എന്ന ഉൗരിൽ മാത്രം മുപ്പതോളം ആളുകളിൽ ഈ രോഗം കണ്ടെത്തി.
തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് അധികൃതർ ഇവിടെയെത്തി അന്വേഷണം നടത്തി. തുടർന്നുള്ള ശിപാർശയും ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടും പരിഗണിച്ചാണ് അട്ടപ്പാടിയിൽ ഹെപ്പറ്റൈറ്റിസ്-ബി പ്രത്യേക പ്രതിരോധപദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. അട്ടപ്പാടിയിലെ ആദിവാസി കൗമാരക്കാർക്കായി ആവശ്യത്തിനു പ്രതിരോധ വാക്സിൻ വരുത്തിയിരുന്നു. മൂന്നുഘട്ടങ്ങളിലായാണ് ഇതു നല്കാൻ ധാരയുണ്ടായിരുന്നത്. പദ്ധതിയുടെ വിവിധപ്രവർത്തനങ്ങൾക്കായി പട്ടികവർഗ വകുപ്പ് 15 ലക്ഷത്തോളം രൂപയും അനുവദിച്ചിരുന്നു.
എന്നാൽ ഉദ്ദേശിച്ച നിലയിൽ കുട്ടികൾക്കു മരുന്നുനല്കാൻ ബന്ധപ്പെട്ടവർക്കായില്ല. ഇവരുടെ അജ്ഞതമൂലം മരുന്നുനശിക്കുകയും ചെയ്തു. മരുന്നു സൂക്ഷിക്കുന്ന ശീതികരണിയിലെ ഉൗഷ്മാവ് ക്രമീകരിക്കുന്നതിലുണ്ടായ അപാകതമൂലമാണ് മരുന്നു നശിച്ചത്.ഇതിനു പുറമേ പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടിയിലെ പൊതുപ്രവർത്തകൻ പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരടക്കമുള്ളവർക്ക് പരാതി നല്കിയിരുന്നു.
അട്ടപ്പാടിയിൽ നടപ്പാക്കുന്ന പദ്ധതികൾ മുഴുവൻ ഉദ്യോഗസ്ഥ·ാരുടെയും ബന്ധപ്പെട്ടവരുടെയും കെടുകാര്യസ്ഥതമൂലം പരാജയപ്പെടുകയാണ്.ഇതുമൂലം ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് സർക്കാരിനുണ്ടാകുന്നത്. പരാതി ഉണ്ടാകാറുണ്ടെങ്കിലും ഇതിൽ അന്വേഷണങ്ങളൊന്നും കാര്യക്ഷമമാകാറില്ലെന്നു മാത്രം.