ടെൽഅവീവ് (ഇസ്രയേൽ): ഹിസ്ബുള്ളയുമായി 21 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎസ്, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അഭ്യർഥന തള്ളിയ ഇസ്രയേൽ ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ശക്തമായ ആക്രമണം തുടരുന്നു. ഇന്നലെ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ ഉൾപ്പെടെ നിരവധിപ്പേർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ എയർഫോഴ്സ് യൂണിറ്റുകളിലൊന്നിന്റെ തലവൻ മുഹമ്മദ് സുറൂർ ആണു കൊല്ലപ്പെട്ടത്.
ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് ഒരാഴ്ചയ്ക്കിടെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ഈ ആഴ്ച മാത്രം 700ലേറെ ആളുകൾ കൊല്ലപ്പെടുകയും 1,18,000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. 220ഓളം ഹിസ്ബുള്ള കേന്ദ്രങ്ങൾ കഴിഞ്ഞദിവസം ആക്രമിച്ചതായി ഇസ്രയേൽ അറിയിച്ചു.
“വാക്കുകളല്ല, പ്രവൃത്തികളിലൂടെ സംസാരിക്കും’-എന്ന് ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു എക്സിൽ എഴുതി. കരയുദ്ധം ഉണ്ടായാൽ സൈനികരെ സഹായിക്കാൻ ഇസ്രയേലിന്റെ വ്യോമസേനാ പദ്ധതിയിടുകയാണെന്നും ഇറാനിൽനിന്നുള്ള ആയുധ കൈമാറ്റം നിർത്തുമെന്നും വ്യോമസേന കമാൻഡർ മേജർ ജനറൽ ടോമർ ബാർ ഇന്നലെ രാത്രി പറഞ്ഞു.
ലെബനനിലേക്ക് പ്രവേശിക്കാൻ ഇസ്രയേൽ സൈന്യം തയാറെടുക്കുന്നതായാണ് റിപ്പോർട്ട്. ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും തകർക്കുക എന്നതാണ് ഇസ്രയേലിന്റെ ലക്ഷ്യം.അതിനിടെ ഇസ്രയേലിനെതിരേ ഹിസ്ബുള്ള വീണ്ടും റോക്കറ്റാക്രമണം നടത്തി. ഇസ്രയേലിലെ കിര്യത് ഷ്മോണ എന്ന പ്രദേശത്താണ് റോക്കറ്റാക്രമണം നടന്നത്.
10 മിനിറ്റിനുള്ളിൽ 11 റോക്കറ്റുകളാണ് തൊടുത്തത്. ഇതിൽ ആദ്യം വിക്ഷേപിക്കപ്പെട്ട റോക്കറ്റിനെ നിഷ്ക്രിയമാക്കിയതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. റഫേൽ ആയുധ ഫാക്ടറിക്കു സമീപം മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഹിസ്ബുള്ള റോക്കറ്റാക്രമണവും നടത്തിയത്.