ലക്നോ: ബിജെപി എംഎൽഎ പ്രതിയായ ഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷി ദുരൂഹസാഹചര്യത്തിൽ മരിച്ചു. കേസ് അന്വേഷിക്കുന്ന സിബിഐയുടെ പ്രധാനസാക്ഷിയായ യൂനുസാണ് മരിച്ചത്. പലചരക്കു വ്യാപാരിയായ യൂനുസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം കൂടാതെ സംസ്കരിക്കുകയും ചെയ്തു.
കേസിൽ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിന്റെ സഹോദരൻ അതുൽ സിംഗ് സെംഗാർ, ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ മർദിക്കുന്നതിന്റെ സാക്ഷിയായിരുന്നു യൂനുസ് എന്നാണു റിപ്പോർട്ട്. ഇരയുടെ അച്ഛൻ പിന്നീട് പോലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു.
ശനിയാഴ്ച രോഗബാധിതനായ യൂനുസ് ആശുപത്രിയിൽ എത്തുന്നതിനുമുന്പ്, ഒരു മണിക്കൂറിനുള്ളിൽ മരിച്ചതായി നാട്ടുകാർ ആരോപിച്ചു. സിബിഐയെയും പ്രാദേശിക പോലീസിനെയും അറിയിക്കാതെ ബന്ധുക്കൾ മൃതദേഹം മറവ് ചെയ്തെന്നും ഇവർ കുറ്റപ്പെടുത്തി. അതേസമയം, യൂനുസിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണു പോലീസിന്റെ വാദം.