മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട കൂട്ടുകെട്ടാണ്, മോഹന്‍ലാല്‍- ശ്രീനിവാസന്. എക്കാലവും ഓര്‍ത്തുവയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഹിറ്റുകളാണ് ഈ കൂട്ടുകെട്ടിലൂടെ പിറന്നിട്ടുള്ളത്.
അക്കൂട്ടത്തില്‍ സത്യന് അന്തിക്കാട് കൂടെയുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. ചിത്രം സൂപ്പര്‍ ഹിറ്റ് തന്നെ. സിനിമയില്‍ മാത്രമല്ല സ്വകാര്യ ജീവിതത്തിലും ഇവര്‍ വളരെ അടുത്ത ബന്ധംവെച്ച് പുലര്‍ത്തിയിരുന്നു.
എന്നാല്‍ ഉദയനാണ് താരം എന്ന സിനിമയ്ക്ക് ശേഷം ശ്രീനിവാസനും മോഹന്‍ലാലും അകലം പാലിക്കാന്‍ തുടങ്ങി. ഉദയനാണ് താരത്തില്‍ ശ്രീനിവാസന് അവതരിപ്പിച്ച കഥാപാത്രമായിരുന്നു സരോജ്കുമാര്‍.
ആ കഥാപാത്രത്തെ മുന്‍നിര്‍ത്തി 2012 ല്‍ പത്മശ്രീ സരോജ് കുമാര്‍ എന്ന സിനിമ വന്നു. ഈ ചിത്രത്തില്‍ മോഹന്‍ലാലിനെ പരോക്ഷമായി ശ്രീനിവാസന് പരിഹസിച്ചിരുന്നു. മോഹന്‍ലാലിന്റെ ലെഫ്റ്റ് കേണല്‍ പദവി, ആനക്കൊമ്പ് എന്നീ വിഷയത്തിനെതിരെയാണ് ശ്രീനിവാസന് പരിഹാസം അഴിച്ചുവിട്ടത്.
ഇതേതുടര്‍ന്ന്, ശ്രീനിവാസനെതിരെ ലാലേട്ടന് ഫാന്‍സും രംഗത്തെത്തിയിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും പിണക്കത്തിലാണെന്നും വാര്‍ത്തകള്‍ പുറത്തു വരികയും ചെയ്തു. അതിനുശേഷം രണ്ടുപേരോടും പല അഭിമുഖങ്ങളിലും ഇക്കാര്യത്തെക്കുറിച്ച് പലരും ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടെങ്കിലും രണ്ടുപേരും ഒഴിഞ്ഞു മാറുകയാണ് ഉണ്ടായിട്ടുള്ളത്.
എന്നാല്‍ അടുത്തിടെ ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ശ്രീനിവാസന് അതിന് ഉത്തരം നല്കുകയുണ്ടായി. അതിങ്ങനെയായിരുന്നു…’മോഹന്‍ലാലുമായി യാതൊരു തരത്തിലുള്ള വിരോധവുമില്ല, പത്മശ്രീ സരോജ്കുമാര്‍ എന്ന ചിത്രം മോഹന്‍ലാലുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കിയിരുന്നു. ഈ സമയത്ത് അദ്ദേഹം പറഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു.
ശ്രീനിവാസന് തന്നെ നേരില്‍ കാണുമ്പോള്‍ ഇതിലും കൂടുതല്‍ പരിഹസിക്കാറുണ്ടെന്നായിരുന്നു. ഇതില്‍ നിന്ന് വ്യക്തമല്ലേ മോഹന്‍ലാലിനെ ആക്ഷേപിച്ചു എന്നുളളത് പൊള്ളയായ ആരോപണം മാത്രമാണെന്ന്. ഇതിനെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.” ശ്രീനിവാസന് പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തു വരുന്ന ശ്രീനിവാസന് സത്യന് അന്തിക്കാട് ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകനായി എത്തുന്നതെന്നുള്ള വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകനായി എത്തുന്നത്.
മലയാളി എന്നാണ് ചിത്രത്തിന് പേരിട്ടിരുന്നത്. എന്നാല്‍ പിന്നീട് ഈ പേരില്‍ പണ്ട് സിനിമ പുറത്തിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ പേര് വീണ്ടും മാറ്റുകയായിരുന്നു. പുതിയ പേര് വെളിപ്പെടുത്തിയിട്ടില്ല.