ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. അത്തരത്തില്‍ നടത്തിയ ഒരു യാത്രയില്‍ കണ്ടുമുട്ടിയ മനോഹരമായ ഒരിടവും അവിടെ വച്ച് പരിയപ്പെട്ട വ്യക്തിയെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള മലയാളികളുടെ സ്വന്തം കളക്ടര്‍ ബ്രോയുടെ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിറ്റില്ലഞ്ചേരി കടമ്പിടി ക്ഷീരസംഘത്തിന് സമീപമുള്ള കള്ളുഷാപ്പിലാണ് കഴിഞ്ഞദിവസം കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍ എത്തിയത്. അവിടുത്തെ അനുഭവം കളക്ടര്‍ ബ്രോ പങ്കുവച്ചപ്പോള്‍ താരമായത് ചിറ്റില്ലഞ്ചേരി ഇടക്കാട് കോളനിയിലെ ലക്ഷ്മി അമ്മൂമ്മയും.
വയലുകള്ക്കിടയില് നില്ക്കുന്ന കള്ളുഷാപ്പിന്റെ വീഡിയോയും ഒപ്പം അവിടത്തെ സ്ഥിരം സന്ദര്‍ശകയായ ഇടക്കാട് കോളനിയിലെ ലക്ഷ്മി അമ്മൂമ്മയുമൊത്തുള്ള ചിത്രവുമാണ് ഫേസ്ബുക്കില്‍ കളക്ടര്‍ ബ്രോ പങ്കുവെച്ചത്. ഫില്‍ട്ടറില്ല, കറപ്ഷനില്ല, വെറും കാറ്റ്, വയല്‍, പിന്നെ ഷാപ്പ് എന്ന് എഴുതിത്തുടങ്ങിയാണ് കള്ളുഷാപ്പിലെ വിശേഷങ്ങള്‍ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
ഉച്ചയൂണിന് കയറിയ ഷാപ്പില് ഊണുണ്ടായില്ല. എന്നാല്‍ അവിടെ ബഞ്ചിലിരിക്കുന്ന ലക്ഷ്മി അമ്മൂമ്മയോട് വിശേഷങ്ങള്‍ പങ്കുവെച്ചപ്പോള്‍ ദിവസവും ഒരു കുപ്പി കള്ള് കുടിക്കാന്‍ അവരെത്താറുണ്ടെന്ന് നടത്തിപ്പുകാരന് പറഞ്ഞു. അതുകേട്ടപ്പോള്‍ കളക്ടര്‍ ബ്രോ ലക്ഷ്മി അമ്മൂമ്മയുടെ കൂടെയിരുന്ന് ചിത്രമെടുക്കുകയായിരുന്നു.
ഊണന്വേഷണം വേറെ ദിശയിലേക്കാക്കിയെന്നും ടാറ്റാ പറഞ്ഞിറങ്ങി ബ്രോസ്വാമി എന്നെഴുതിയാണ് ഫേസ്ബുക്കില്‍ ചിത്രത്തോടൊപ്പം പോസ്റ്റിട്ടത്. കളക്ടറുടെ പോസ്റ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഞൊടിയിടയില്‍ അമ്മൂമ്മ താരമായി. പെണ്ണുങ്ങളായാല്‍ ഇങ്ങനെ വേണം എന്നാണ് അമ്മൂമ്മയെക്കുറിച്ചിപ്പോള് ആളുകള്‍ പറയുന്നത്.