എട്ടുവർഷമായി എത്രയോ സംഘം ബുൾബുൾ പക്ഷികൾക്ക് ആതിഥ്യമരുളിയ വീട്. ഇവിടെ നിന്ന് ചിറകടിച്ച് പുതിയ ലോകത്തേക്ക് പറന്നുതുടങ്ങിയ കുഞ്ഞുങ്ങൾ.
പൊൻകുന്നം ഇളങ്ങുളം വൃന്ദാവൻ കോംപ്ലക്സിൽ മറ്റപ്പള്ളിൽ ജോസഫും ഭാര്യ ആലീസുമാണ് എല്ലാ വർഷവും മുടങ്ങാതെ ഇവയ്ക്ക് ആതിഥ്യമരുളുന്നത്.
ഇവരുടെ സ്വീകരണമുറിയിലെ ഭിത്തിയിൽ വച്ച ഫ്ലവർവേസിൽ എട്ടുവർഷത്തിലേറെയായി ഓരോ സംഘം പക്ഷികൾ മുടങ്ങാതെയെത്തി മുട്ടയിട്ട് അടയിരിക്കും.
പറക്കാൻ തുടങ്ങുന്ന ബുൾബുൾ കുഞ്ഞുങ്ങൾ വീട്ടുകാരെ ഭയക്കാതെ വീടിനുള്ളിലെല്ലാം പറന്നുനടക്കും. പറക്കമുറ്റി കുഞ്ഞുങ്ങൾ പോയാൽ വീണ്ടും വീട്ടുകാർ കൂട് വൃത്തിയാക്കി വയ്ക്കും. അടുത്ത ഇണപ്പക്ഷികൾ ദിവസങ്ങൾക്കുള്ളിൽ ഇതേ കൂട് തേടിയെത്തി കൂടൊരുക്കി മുട്ടയിടും.
ഒരു സംഘമൊരുക്കിയ കൂടിന്റെ അവശിഷ്ടം പൂക്കൂടയിലുണ്ടെങ്കിൽ അടുത്തസംഘം അതിലിരിക്കില്ല. അതിനാൽ വൃത്തിയാക്കി വയ്ക്കാൻ ജോസഫ് ശ്രദ്ധിക്കും.
വീട്ടുകാർക്ക് യാതൊരു ശല്യവുമുണ്ടാക്കാതെയാണ് പക്ഷികളുടെ വരവും പോക്കും. ജനലിന് മുകളിലെ ദ്വാരത്തിലൂടെ മാത്രമാണ് അകത്തുകടക്കുന്നതും പുറത്തേക്ക് പോകുന്നതും. വീട്ടുകാരോട് ഭയമില്ലാതെയാണ് ഇവ കൂടിനുള്ളിൽ സംതൃപ്തിയോടെ കഴിയുന്നത്.