എരുമേലി: ഷഹാനയെ തുണച്ചത് ഭാഗ്യം. ഒരൽപ്പം മാറിയിരുന്നെങ്കിൽ പാലത്തിൽ നിന്ന് ആ പിഞ്ചു പെൺകുട്ടി വീഴുമായിരുന്നത് മണിമലയാറിൽ പാറക്കല്ലുകളുടെ മുകളിൽ.
ഒരു പോറൽ പോലുമില്ലാതെ പ്രിയപ്പെട്ട പൊന്നുമോൾ രക്ഷപ്പെട്ടതിന് ദൈവത്തോട് നന്ദി പറയുന്നു മാതാപിതാക്കൾ.
ഇന്നലെ ഉച്ചയ്ക്ക് എരുമേലി ഓരുങ്കൽകടവിൽ പാലത്തിലാണ് അദ്ഭുതകരമായ രക്ഷപെടലിന്റെ ഭാഗ്യം നിറഞ്ഞ സംഭവം.
പാലത്തിലൂടെ അമ്മയുടെ കൈ പിടിച്ചു നടക്കുന്നതിനിടെ കണ്ണിൽ കരട് വീണതിന്റെ വിഷമത്തിൽ പാലത്തിന്റെ അരികിലാണെന്നറിയാതെ നടന്നപ്പോൾ നദിയിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു ആറ് വയസുകാരി ഷഹാന.
അപ്പുറത്തും ഇപ്പുറത്തുമുള്ള പാറക്കല്ലുകളുടെ കൂട്ടങ്ങളുടെ നടുക്കുള്ള ഇത്തിരി വെള്ളത്തിലേക്കാണ് അവൾ വീണത്.
അതുകൊണ്ട് തന്നെ വീഴ്ചയിലുണ്ടായ ഭയം അല്ലാതെ ഒരു പരിക്കും ഇല്ലാതെ അവൾ വെള്ളത്തിൽ വീണുകിടന്നു. കണ്ടു നിന്നവർ ഓടിയെത്തി അവളെ വാരിയെടുക്കുമ്പോൾ ആർത്തലച്ചു കരയുകയായിരുന്നു അമ്മ ഫസീല.
പാലത്തിന് സമീപം റോഡരികിൽ പെട്ടിക്കട നടത്തുന്ന വേങ്ങശേരി നൗഷാദ് – ഫസീല ദമ്പതികളുടെ മകളാണ് ഷഹാന.
മകളുമായി എരുമേലി അക്ഷയ സെന്ററിൽ പോയി ഫസീല മടങ്ങി വന്നപ്പോൾ സഹോദരൻ ഷഹനാസിനൊപ്പം കളിക്കുന്നതിനിടെ ഷഹാനയുടെ കണ്ണിൽ കരട് വീനിരുന്നു.
ഇത് മൂലം കണ്ണ് പൊത്തിപ്പിടിച്ചാണ് അവൾ അമ്മയോടൊപ്പം ആശുപത്രിയിൽ പോകാനായി വന്നത്.
ഇരുവരും പാലത്തിലൂടെ നടന്ന് തങ്ങളുടെ കടയിലേക്ക് വരുമ്പോഴാണ് സംഭവം. വെള്ളം കുറവായിരുന്നതിനാൽ നദിയിൽ അടിത്തട്ടിലെ പാറക്കല്ലുകൾ ധാരാളമായിരുന്നു.
കല്ലുകളുടെ നടുവിൽ വെള്ളം കെട്ടിക്കിടന്ന ഭാഗത്തേക്കാണ് ഷഹാന വീണത്. ഒരല്പം മാറിയിരുന്നെങ്കിൽ പാറക്കല്ലുകളുടെ മുകളിലേക്കാണ് വീഴുക.
അങ്ങനെ സംഭവിക്കാതെ കാത്ത ഭാഗ്യത്തിന്റെ അദൃശ്യ കരങ്ങൾക്ക് കണ്ണീർ തൂകി നന്ദി പറയുന്നു മാതാപിതാക്കൾ.