വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ വീസ പരിഷ്കരണങ്ങൾ തടഞ്ഞ് അമേരിക്കൻ കോടതി. എച്ച്1-ബി വീസയുമായി ബന്ധപ്പെട്ട രണ്ടു നിർദിഷ്ട നിയന്ത്രണങ്ങളാണ് കോടതി തടഞ്ഞത്.
എച്ച്1-ബി വീസകളിൽ നിയമിക്കുന്നവർക്ക് കന്പനികൾ ഉയർന്ന വേതനം നൽകണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ഒരു ഉത്തരവും ഇതുമായി ബന്ധപ്പെട്ട മറ്റൊരു നിയമവുമാണ് കോടതി തടഞ്ഞത്.
ആയിരക്കണക്കിന് ഇന്ത്യൻ പ്രഫഷണലുകൾക്കും പ്രമുഖ അമേരിക്കൻ ഐടി കന്പനികൾക്കും ആശ്വാസം പകരുന്ന ഉത്തരവാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണു വിലയിരുത്തൽ.
അമേരിക്കൻ കന്പനികളിൽ വിദേശ ജോലിക്കാരെ നിയമിക്കാൻ കന്പനികളെ അനുവദിക്കുന്ന കുടിയേറ്റ ഇതര വീസയാണ് എച്ച്1-ബി. ഓരോ വർഷവും 85,000 എച്ച്1-ബി വീസകളാണ് അമേരിക്ക നൽകുന്നത്.
മൂന്നു വർഷത്തേക്കാണ് വീസകൾ നൽകുന്നതെങ്കിലും പിന്നീട് പുതുക്കി നൽകും. അമേരിക്കയിലെ ആറു ലക്ഷം എച്ച്1-ബി വീസക്കാരും ഇന്ത്യ, ചൈന എന്നിവിടങ്ങളിൽനിന്നുള്ളവരാണ്.
കോവിഡ് വ്യാപനവും ഉയർന്ന മരണനിരക്കും സാന്പത്തികമായ കാരണങ്ങളുമാണ് എച്ച്1-ബി വീസകളിൽ നിയന്ത്രണമേർപ്പെടുത്തുന്നതിനു കാരണമായി ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടിയത്.
അതേസമയം, കുടിയേറ്റക്കാരുടെ യുഎസിലേക്കുള്ള വരവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഭരണകൂടം വീസ നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണു വിലയിരുത്തൽ.
ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തിയശേഷം അപേക്ഷകർക്ക് തൊഴിൽ വീസ ലഭിക്കുന്നതിൽ ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടിരുന്നത്. കൃത്യമായ വിശകലന പ്രക്രിയ ഇല്ലാതെ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങൾക്കെതിരേ യുഎസ് ചേംബർ ഓഫ് കൊമേഴ്സും ബേ ഏരിയ കൗണ്‍സിലും മറ്റുള്ളവരും ആഭ്യന്തര സുരക്ഷാ വകുപ്പിനെതിരേ കേസെടുത്തിരുന്നു.