വൈപ്പിൻ: കണ്ടെയ്നറുകളുടെ പാർക്കിംഗിനുള്ള സൗകര്യ കുറവും മുളവുകാട് ഭാഗത്തെ പാർക്കിംഗ് പ്രശ്നങ്ങളും പരിഹരിക്കാൻ കൊച്ചിൻ പോർട്ട് അധികൃതരെയും ബന്ധപ്പെട്ടവരെയും ഉൾപ്പെടുത്തി അടിയന്തിര യോഗം വിളിക്കാൻ ഹൈബി ഈഡൻ എംപി നിർദേശം നൽകി. കോടതി വിധിയുടെ അടിസ്ഥാനത്തിൽ മെയിൻറോഡിൽ നിന്നും കണ്ടെയ്നറുകളുടെ പാർക്കിംഗ് സർവീസ് റോഡുകളിലേക്ക് മാറ്റിയിരുന്നു. ഇതിപ്പോൾ പ്രദേശവാസികൾക്ക് ദുരിതമായിരിക്കുകയാണെന്ന പരാതിയെ തുടർന്നാണിത്.
ട്രാഫിക്സംബന്ധമായപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പോലീസിനും നിർദേശംനല്കിയിട്ടുണ്ട്. കൂടാതെ റോഡിൽ മുളവുകാട് ഭാഗത്ത് നിർമിച്ചിട്ടുള്ള സബ് വേ ഉടൻ തുറന്ന് കൊടുക്കണമെന്നും നിർമാണംകഴിഞ്ഞ മൂന്ന് കൽവർട്ടുകൾ ശുചീകരിക്കണമെന്നും എംപി നിർദേശം നല്കി.
മുളവുകാട് പ്രദേശത്തെ രൂക്ഷമായ വെള്ളക്കെട്ടിനു പരിഹാരം കാണാൻ എൽഎസ്ജിഡി, മൈനർ ഇറിഗേഷൻ, നാഷണൽ ഹൈവേ അഥോറിറ്റി എന്നി വിഭാഗങ്ങളിൽ നിന്നുള്ള എൻജിനീയർമാരുടെ സംഘം ഇന്ന് മുളവുകാട് പ്രദേശത്ത് പരിശോധന നടത്തുമെന്ന് എംപി അറിയിച്ചു. കണ്ടെയ്നർ ടെർമിനൽ റോഡിന്റെനിർമാണത്തിന് ശേഷം മുളവുകാട് വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളതെന്ന് ആക്ഷേപമുന്നയിച്ച സാഹചര്യത്തിലാണ് സംയുക്ത പരിശോധന നടത്തുന്നത്.