കൊച്ചി: തലസ്ഥാനം തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനു നല്കിയ ബില്ല് ചോര്‍ത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നെന്ന് ഹൈബി ഈഡന് എംപി.
യുകെയിലെ ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ സംവാദത്തില്‍ പങ്കെടുത്ത് തിരികെ കൊച്ചിയിലെത്തിയ അദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
വിവാദത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയതാണ് ഹൈബി.ബില്‍ പിന്‍വലിച്ചിട്ടില്ല. ജനപ്രതിനിധി എന്ന നിലയില്‍ തന്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തത്.
ബില്ലില്‍ അനാവശ്യ വിവാദം ഉണ്ടാക്കി. പാര്‍ട്ടി തീരുമാനമാണ് അന്തിമം. അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണം. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു കാര്യവും ഇതുവരെ ചെയ്തിട്ടില്ല.
ഇനി ചെയ്യുകയുമില്ലെന്നു ഹൈബി ഈഡന് എംപി പറഞ്ഞു. ബില്ലിനെക്കുറിച്ച് പാര്‍ട്ടി ഔദ്യോഗികമായി ചോദിച്ചാല്‍ മറുപടി നല്‍കും. ബില്‍ പിന്‍വലിക്കാന്‍ പാര്‍ട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ അത് ചെയ്യുമെന്നും അദേഹം പറഞ്ഞു.
പാര്‍ട്ടി നേതാക്കളുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുണ്ട്. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ലെന്നും ഹൈബി ഈഡന് പറഞ്ഞു. ജനാധിപത്യ രാജ്യത്ത് തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.
തലസ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് അക്കാദമികമായ ചര്‍ച്ചയാണ് താന്‍ ഉയര്‍ത്തിയത്. തന്നെ രൂക്ഷമായി വിമര്‍ശിച്ച പാര്‍ട്ടിയിയിലെ നേതാക്കളുടെ സീനിയോറിറ്റി പരിഗണിച്ച് ഇപ്പോള്‍ അവര്‍ക്ക് മറുപടി പറയുന്നില്ല.
പബ്ളിസിറ്റി ആഗ്രഹിച്ചാണ് ബില്ല് നല്‍കിയതെന്ന് തന്നെ അറിയുന്നവര്‍ വിശ്വസിക്കില്ല. പാര്‍ട്ടിയോട് ചോദിച്ചല്ല സാധാരണ സ്വകാര്യ ബില്ല് നല്‍കുന്നത്.
ഇത് സെന്‍സിറ്റീവ് വിഷയമാണെന്ന് പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചാല്‍ അംഗീകരിക്കും. പാര്‍ട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ ബില്‍ പിന്‍വലിക്കാനും തയാറാണ്.
ഒരു ആശയം പ്രചരിപ്പിക്കുക എന്നതായിരുന്നു തന്റെ ചിന്തയെന്നും ഹൈബി ഈഡന് വ്യക്തമാക്കി. ബില്ല് ചോര്‍ന്ന വഴി തന്നെ ദുരൂഹമാണ്. സംസ്ഥാനത്തിന്റെ പകുതിയിലേറെ വരുമാനം ഉണ്ടാക്കി നല്കുന്ന കൊച്ചിക്ക് അര്‍ഹമായ സ്ഥാനം കിട്ടണമെന്നും അദേഹം ആവശ്യപ്പെട്ടു.
ഹൈബി നല്കിയ സ്വകാര്യ ബില്ലില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടിയത്. അടിയന്തിരമായി ഇതില്‍ അഭിപ്രായം അറിയിക്കണമെന്നും അതിനുശേഷം മാത്രമേ കേന്ദ്ര സര്‍ക്കാരിന് ഇതില്‍ തുടര്‍ നടപടി സ്വീകരിക്കാനാകൂ എന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നത്.
ഹൈബിയുടെ നിര്‍ദേശം അപ്രായോഗികമാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.തലസ്ഥാനം മാറ്റണമെന്ന ഹൈബി ഈഡന് എംപിയുടെ സ്വകാര്യ ബില്ലിനെതിരെ നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്ത് വന്നിരുന്നു.
പാര്‍ട്ടിയോട് ആലോചിക്കാതെയാണ് ഇത്തരത്തില്‍ ഒരു നടപടി ഹൈബിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അനാവശ്യ ചര്‍ച്ചകളിലേക്ക് വഴിവെയ്ക്കുന്ന നടപടിയായിരുന്നു ഇതെന്നും കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശിച്ചിരുന്നു.
ശശി തരൂര്‍, അടൂര്‍ പ്രകാശ് എംപി, കെ.എസ്. ശബരീനാഥന്, കെ. മുരളീധരന് എംപി എന്നിവരായിരുന്നു പരസ്യമായി എതിര്‍പ്പുന്നയിച്ച് രംഗത്ത് വന്നത്.