രാഷ്ട്രീയക്കാരെക്കുറിച്ച് പൊതുവേ ഒരഭിപ്രായമുണ്ട്. വലിയവായില്‍ പ്രസംഗിക്കാനല്ലാതെ ഒരു കാര്യവും പ്രാവര്‍ത്തികമാക്കാന്‍ അവരെക്കൊണ്ട് കഴിയില്ല എന്ന്. പ്രത്യേകിച്ച് ജൈവകൃഷി പോലുള്ള മെയ്യനങ്ങി ചെയ്യേണ്ടുന്ന പണികള്‍. കൂടാതെ ഈ തലമുറയിലെ ചെറുപ്പക്കാര്‍ക്ക് കൃഷിയോട് താത്പ്പര്യം കുറഞ്ഞുവരികയാണെന്ന് മറ്റൊരു ആക്ഷേപവും സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഇത്തരത്തിലുള്ള എല്ലാ ആരോപണങ്ങളെയും തിരുത്തിക്കുറിക്കുകയാണ് എറണാകുളം എംഎല്‍എ ഹൈബി ഈഡനും കുടുംബവും.
കറുകപ്പള്ളിയ്ക്ക് സമീപത്തെ ഈഡന്‍ ഹൗസ് എന്നുപേരുള്ള വീടിന്റെ പരിസരത്ത് ചേന, കാച്ചില്‍, കപ്പ തുടങ്ങിയവയുടെ കൃഷിയാണ് ഹൈബി ഈഡനും ഭാര്യ അന്നയും ചേര്‍ന്ന് തുടങ്ങിയിരിക്കുന്നത്. ആദ്യം ചേന മാത്രമായിരുന്നു ഇവര്‍ കൃഷി ചെയ്തിരുന്നത്. വിളവെടുപ്പായപ്പോള്‍ അത്ഭുതപ്പെടുത്തുന്ന വിളവാണ് ഇവര്‍ക്ക് ലഭിച്ചത്. ഇതോടെ ആവേശമായി. ഇതേത്തുടര്‍ന്ന കുറച്ചുകൂടി സമയം കൃഷിയ്ക്കായി മാറ്റി വയ്ക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. കാച്ചില്‍, കപ്പ, തുടങ്ങിയവയും കൃഷി ചെയ്തു. ഇതിനും കിട്ടി മികച്ച വിളവ്. ഇപ്പോള്‍ കുടുംബത്തിനാവശ്യമായതും പുറത്തുകൊടുക്കാനും പറ്റുന്ന വിധത്തില്‍ വിളവ് ലഭിക്കുന്നുണ്ട്.
സ്ഥല പരിമിതി മൂലം സ്ലാബിട്ടുമൂടിയ വീടിനുചുറ്റുമുള്ള സ്ഥലത്ത് മണ്ണ് നിറച്ചാണ് കൃഷിയിലെ പരീക്ഷണം. ഇത്തവണ 12 മൂട് മരച്ചീനി നടാനുള്ള സ്ഥലമേ ലഭിച്ചുള്ളു. പ്രത്യേകിച്ച് വളമൊന്നും ചെയ്യുന്നില്ലെന്നും മഴയത്ത് ഒലിച്ചെത്തുന്ന വെള്ളത്തിലൂടെ കിട്ടുന്ന വളം മാത്രമാണ് കൃഷിയ്ക്ക് തുണയാകുന്നതെന്നുമാണ് ഇവര്‍ പറയുന്നത്. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ മണ്ണിനോടും കൃഷിയോടുമൊക്കെ ഇണങ്ങി ജീവിക്കുന്നത് മനസിനും ശരീരത്തിനും ഉണര്‍വ്വ് പകരുന്ന കാര്യമാണെന്നാണ് ഹൈബി ഈഡന്റെ അഭിപ്രായം. എത്ര തിരക്കുള്ളവരാണെങ്കിലും അല്പമെങ്കിലും കൃഷി കാര്യങ്ങളും കൂടി കൈകാര്യം ചെയ്യണമെന്നാണ് യുവ എംഎല്‍എയുടെ പക്ഷം.