കേരള രാഷ്ട്രീയത്തെ, പ്രത്യേകിച്ച് കോണ്‍ഗ്രസിനെ വട്ടംകറക്കികൊണ്ടിരിക്കുന്ന വിഷയമാണ് സോളാര്‍ കേസും റിപ്പോര്‍ട്ടും. യുവാക്കളടക്കമുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈയവസരത്തില്‍ സ്വന്തം ഭാഗം ന്യായീകരിച്ചുകൊണ്ട് കുറ്റാരോപിതരെല്ലാം രംഗത്തെത്തുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്, എംഎല്‍എ ഹൈബി ഈഡനാണ്. സോളാര്‍ കേസിന്റെ പേരില്‍ തന്നെ ചെളിവാരിയെറിയുന്നവരോട് നന്ദിയുണ്ടെന്നാണ് ഹൈബി ഈഡന്‍ എം.എല്‍.എ. പറയുന്നത്. അത് തന്നെ കൂടുതല്‍ കരുത്തനാക്കുകയാണെന്ന് ഹൈബി പറയുന്നൂ. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഹൈബി ഈഡന്‍ എംഎല്‍എയുടെ പ്രതികരണം.
ഹൈബി ഈഡന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു കത്തിന്റെ രൂപത്തില്‍ വന്ന നിറം പിടിപ്പിച്ച കഥകള്‍ക്ക് ഒരു റിപ്പോര്‍ട്ടിന്റെ പുറം ചട്ട ഉണ്ടാക്കി എന്നതിനപ്പുറം യാതൊരു പുതുമയും ഇല്ല. ഈ വിഷയത്തില്‍ എന്റെ പേര് പരാമര്ശിക്കപ്പെട്ടപ്പോള്‍ തന്നെ ഞാന്‍ എടുത്ത നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളത്. പ്രസ്തുത കമ്പനിയുടെ തട്ടിപ്പിന് ഇരയായ പാലക്കാടുള്ള ഒരു വ്യക്തിക്ക് വേണ്ടി ഷാഫി പറമ്പില്‍ എം.എല്‍.എ.യുടെ ആവശ്യപ്രകാരം ഞാന്‍ സരിത എസ്.നായരെ ഫോണില്‍ വിളിച്ചിട്ടുണ്ട്. അതിനപ്പുറം ഉയര്‍ന്ന ആരോപണങ്ങളിലും ഈ മുഴുവന്‍ വിവാദത്തിനും ആധാരമായി പറയുന്ന കത്തിലും ഒരു യാഥാര്‍ഥ്യവും ഇല്ല.
ഹൈക്കോടതി പോലും വിശ്വാസ്യതയില്ല എന്ന് പറഞ്ഞിട്ടുള്ള മുപ്പത്തി മൂന്നു തട്ടിപ്പു കേസിലെ പ്രതിയുടേതെന്നു പറയപ്പെടുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവരെ കരിവാരിതേക്കുക എന്നത് മാത്രമാണ് ഇതിന്റെ പുറകിലെ ഗൂഢോദ്ദേശ്യം. ഈ വിവാദങ്ങള്‍ എല്ലാം തുടക്കം കുറിച്ച പിന്നീട് ഇടതു പക്ഷത്തിലേക്കു പോയ എം.എല്‍.എ.യുള്‍പ്പടെയുള്ളവരുടെ പേരുകളും, ഇത്ര മാത്രം തട്ടിപ്പു നടത്തിയെന്ന് പറയപ്പെടുന്ന സരിത എസ്. നായര്‍ക്കെതിരെ നടപടിയെ കുറിച്ച് പോലും ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഇല്ലായെന്നത് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയില്‍ ചോദ്യം ഉയര്‍ത്തുകയാണ്.
രാഷ്ട്രീയത്തിന്റെ എല്ലാ മാന്യതകളും ലംഘിച്ചു നടക്കുന്ന ഈ നാടകം രാഷ്ട്രീയമായി ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനു സ്വാതന്ത്ര്യമുണ്ട്. പക്ഷെ ഇന്ന് പറഞ്ഞിരിക്കുന്ന അതെ ആരോപണങ്ങള്‍ നിലനിന്നപ്പോള്‍ തന്നെ എന്നില്‍ പൂര്‍ണ്ണ വിശ്വാസം ഒരു തിരഞ്ഞെടുപ്പിലൂടെ രേഖപ്പെടുത്തിയ എറണാകുളത്തെ ജനങ്ങള്‍ നല്‍കുന്ന ആത്മധൈര്യത്തിലും കരുത്തിലും ഈ ആരോപണങ്ങളെയും നേരിടും. രാഷ്ട്രീയമായി ഉയര്‍ത്തുന്നവര്‍ക്കെതിരെ രാഷ്ട്രീയമായും നിയപരമായി നേരിടേണ്ടിടത്ത് നിയമപരമായും. എനിക്ക് പിന്തുണ അറിയിച്ചവര്‍ക്കു നന്ദി. എന്നെ ചെളിവാരി എറിയുന്നവര്‍ക്കും നന്ദി, എന്നെ കൂടുതല്‍ കരുത്തനാക്കുന്നതിന്… സത്യമേവ ജയതേ