കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഹൈബി ഈഡൻ വിജയിച്ചതോടെ എറണാകുളത്ത് ഉപതരെഞ്ഞെടുപ്പിനു കളമൊരുങ്ങി. ഇനി ആരാണ് സ്ഥാനാർഥിയെന്ന ചിന്തകളും ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിൽ മികച്ച സ്ഥാനാർഥികൾ നിരവധിയാണ്. ഇതിനകം കഴിവുതെളിച്ച നേതാക്കളുടെ ഒരു പടതന്നെയുണ്ട് എറണാകുളത്ത്. ഗ്രൂപ്പ് സമവാക്യങ്ങളും സമുദായ സമവാക്യങ്ങളും കോണ്‍ഗ്രസിനുള്ളിൽ കത്തിക്കയറിയാൽ സ്ഥാനാർഥി പ്രഖ്യാപനം നീളാനുള്ളസാധ്യതയുണ്ട്.
എന്നാൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ശക്തമായ നിലപാട് ഇതിൽ നിർണായകമാകും. കോണ്‍ഗ്രസിന്റെ കുത്തക സീറ്റാണ് എറണാകുളം. ഹൈബിക്കു ഈ മണ്ഡലം മാത്രം നൽകിയിരിക്കുന്നതു 31,000 വോട്ടിന്റെ ഭൂരിപക്ഷമാണ്. അതു കൊണ്ടു തന്നെ ആരായിരിക്കും സ്ഥാനാർഥി. സ്ഥാനാർഥിമോഹികളിൽ പ്രമുഖരും ഉൾപ്പെടുന്നു.
ലോക്സഭാ സീറ്റ് നഷ്ടപ്പെട്ട കെ.വി തോമസ് മുതൽ പുതുതലമുറയിലെ നേതാക്കൾ വരെ സീറ്റ് പിടിക്കാൻ ഇറങ്ങുമെന്നാണ് സൂചന. ആരായാലും ജയസാധ്യതയ്ക്കാവും മുൻഗണനയെന്നാണ് നേതൃത്വത്തിന്റെ നിലപാട്.യുഡിഎഫിന്റെ കുത്തക സീറ്റെന്നതു മാത്രമല്ല, ലോക്സഭാ തരെഞ്ഞെടുപ്പിൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ ഹൈബിക്ക് കിട്ടിയ 31000 വോട്ടിന്റെ വന്പൻ ലീഡും സ്ഥാനാർഥിമോഹികളുടെ ഉറക്കം കെടുത്തുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടപ്പെട്ട കെ.വി തോമസ് അവകാശവാദം ഉന്നയിക്കാനും സാധ്യതയുണ്ട്. അല്ലെങ്കിൽ തന്റെ ഇഷ്ടക്കാർക്കു സീറ്റ് വേണമെന്ന് ആവശ്യപ്പെടാനുള്ള സാധ്യത ഏറെയാണ്.
കെ.വി തോമസിന്റെ ആശീർവാദത്തോടെ കളത്തിലിറങ്ങാമെന്ന പ്രതീക്ഷയിലാണ് മുൻ മേയർ ടോണി ചമ്മിണി. ലത്തീൻ സമുദായംഗമാണെന്നതാണ് ഇദ്ദേഹം ഉയർത്തിക്കാട്ടുന്ന ഒരു കാര്യം. ഡി സി സി പ്രസിഡന്റും ഡപ്യൂട്ടി മേയറുമായ ടി.ജെ വിനോദാണ് പരിഗണനയിലുള്ള മറ്റൊരു പ്രമുഖൻ. സാമുദായിക ഘടകങ്ങളും ടി .ജെ വിനോദിന് അനുകൂലമാണ്.
കൊച്ചി മേയർ സൗമിനി ജയിന്റെ പേരും ചർച്ചയിൽ ഉയർന്നേക്കാനുള്ള സാധ്യതകളുണ്ട്. പുതിയ മേയർക്കായി നീക്കം നടത്തുന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ഇത് സൗകര്യമാകും. സാമുദായിക പരിഗണനകൾക്ക് പ്രാധാന്യമുളള മണ്ഡലത്തിൽ മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷനും സാധ്യതയുണ്ട്.