കൊച്ചി: വൈറ്റിലയിലെ കണ്‍സ്യൂമർ ഫെഡിന്റെ വിദേശ മദ്യശാല പൊന്നുരുന്നി ചെട്ടിച്ചിറയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ച് നടത്തിയ സമരത്തിനിടെ സംഘർഷം. ഔട്ട്ലെറ്റ് ജനവാസ കേന്ദ്രത്തിൽ സ്ഥാപിക്കുന്നതിനെതിരേ ഹൈബി ഈഡൻ എംഎൽഎയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ മുതൽ ഉപരോധ സമരം നടന്നുവരികയായിരുന്നു.
ഔട്ട്ലെറ്റിന്റെ ഷട്ടറിടാൻ സമരക്കാർ തുടങ്ങിയതോടെ ജീവനക്കാർ തടയാൻ രംഗത്തുവന്നു. ഇതിനിടെ എംഎൽഎയ്ക്കും സമരക്കാർക്കും എതിരേ ജീവനക്കാർ മൂത്രം കുപ്പിയിലാക്കി തളിച്ചത് വൻ പ്രതിഷേധത്തിന് ഇടയാക്കി.
മൂത്രം തളിച്ചതോടെ സംഘർഷം രൂക്ഷമായി. നാട്ടുകാരും കണ്‍സ്യൂമർഫെഡ് ജീവനക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷം രൂക്ഷമായതാടോ പോലീസ് ഇടപെട്ട് സമരക്കാരെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു.
മൂത്രം തളിച്ച ജീവനക്കാരെ പുറത്താക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ജനവാസമുള്ള പ്രദേശത്ത് ആംഗൻവാടിയുടെ സമീപത്തായി തുടങ്ങാൻ പോകുന്ന പുതിയ ഔട്ട്ലെറ്റ് മാറ്റണമെന്നാണ് സമരക്കാരുടെ ആവശ്യം.