ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ക്വാളിഫയര്‍ രണ്ടിലേക്കുള്ള ടീമിനെ നിശ്ചയിക്കുന്ന എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനു കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റിന് 128 റണ്‍സ് എടുത്തു.
കോല്‍ക്കത്തയുടെ പേസര്‍മാരായ ഉമേഷ് യാദവിന്റെ നഥാന്‍ കോള്‍ട്ടര്‍ നെയ്ലിന്റെയും പ്രകടനമാണ് ഹൈദരാബാദിനെ ചെറിയ സ്കോറിലൊതുക്കിയത്. നഥാന്‍ കോള്‍ട്ടര്‍ നെയ്ൽ മൂന്ന് സ്വന്തമാക്കിയപ്പോള്‍ ഉമേഷ് രണ്ടു വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് വീതം വീഴ്ത്തിയ പീയുഷ് ചൗളയും ട്രെന്റ് ബോള്‍ട്ടും ഇവര്‍ക്കു പിന്തുണ നല്കി. 37 റണ്‍സെടുത്ത ഹൈദരാബാദ് നായകന് ഡേവിഡ് വാര്‍ണറാണ് ടോപ് സ്കോറര്‍.
ടോസ് നേടിയ കോല്‍ക്കത്ത നായകന് ഗൗതം ഗംഭീർ ഹൈദരാബാദിനെ ബാറ്റിംഗിനു വിട്ടു. ബാറ്റിംഗ് തുടങ്ങിയ ഹൈദരാ ബാദിന്റെ തുടക്കം സാവധാനമായിരുന്നു. ഹൈദരബാദിനു സ്കോര്‍ബോര്‍ഡില്‍ 25 റണ്‍സുള്ളപ്പോള്‍ ശിഖര്‍ ധവാനെ (11) നഷ്ടമായി. ഇതിനുശേഷം വാര്‍ണര്‍-കെയ്ന്‍ വില്യംസണ് കൂട്ടുകെട്ട് 50 റണ്‍സുമായി ഹൈദരാബാദിനെ തകര്‍ച്ചയില്‍നിന്നു കരകയറ്റി. എന്നാല്‍ ഈ കൂട്ടുകെട്ടിന് കൂടുതല്‍ മുന്നോട്ടു പോകാനായില്ല വില്യംസണെ (24) കോള്‍ട്ടര്‍ നെയ്ൽ സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിച്ചപ്പോള്‍ വാര്‍ണറെ ചൗള ക്ലീന്‍ബൗള്‍ഡാക്കി (37).
പിന്നാലെ ഒരുമിച്ച യുവരാജ് സിംഗും വിജയ് ശങ്കറും മികച്ച ഷോട്ടുകളിലൂടെ പ്രതീക്ഷ നല്‍കിയെങ്കിലും ഇതിനും അധികം ആയുസില്ലായിരുന്നു. യുവരാജിനെ (9) ഉമേഷ് യാദവ് പുറത്താക്കി. അധികം വൈകാതെ ശങ്കര്‍ (22) കോള്ട്ടണ് നെയ്ലിനു മുന്നില്‍ കീഴടങ്ങി. ഇതോടെ ഹൈദരാബാദ് വന്‍ തകര്‍ച്ചയിലേക്കു നീങ്ങി. അവസാന ഓവറുകളില്‍ വന്‍ സ്കോറിംഗിനു കഴിവുള്ള നമാന്‍ ഓജയെയും (16) ക്രിസ് ജോര്‍ദനെയും (0) നഷ്ടമായതോടെ ഹൈദരാബാദിന്റെ സ്കോറിംഗ് 128ല്‍ അവസാനിച്ചു.